യുകെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയര്‍ലണ്ടില്‍നിന്നുള്ള ആദ്യത്തെ സിക്ക് വംശജനായ സ്ഥാനാര്‍ത്ഥി ദുബായ് വിമാനത്താവളത്തില്‍ അപമാനിക്കപ്പെട്ടതായി പരാതി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അമന്‍ദീപ് സിംഗ് ഭോഗലിനെയാണ് ദുബായ് പൊലീസ് ദുബായ് വിമാനത്താവളത്തില്‍വെച്ച് അപമാനിച്ചത്. വിമാനത്താവളത്തില്‍ എത്തിയ തന്നോട് ടര്‍ബന്‍ അഴിക്കാനും കാര (ബ്രേസ്ലെറ്റ്) നീക്കം ചെയ്യാനും ദുബായ് പൊലീസ് ആവശ്യപ്പെട്ടെന്ന് അമന്‍ദീപ് ട്വിറ്ററില്‍ എഴുതി. സിക്ക് വംശജരായ ആളുകളെ പൊതുഇടങ്ങളില്‍ ടര്‍ബന്‍ അഴിപ്പിക്കുന്നത് അവരുടെ വിശ്വാസത്തെ ഹനിക്കുന്നതിന് തുല്യമാണ്. ടര്‍ബന്‍ അണിയുക എന്നത് മതപരമായ ആചാരമാണെന്ന് പൊലീസിന് വിശദീകരിച്ചെങ്കിലും ടര്‍ബന്‍ ഊരാതെ പോകാന്‍ സാധിക്കില്ലെന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചെന്ന് അമന്‍ദീപ് പറഞ്ഞു. ട്വിറ്ററിലായിരുന്നു അമന്‍ദീപിന്റെ രോഷപ്രകടനം.
മെയ് ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ
സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇയാള്‍ മത്സരിക്കുന്നത്. ദുബായിയില്‍നിന്ന്
ബെല്‍ഫാസ്റ്റിലേക്കുള്ള യാത്രയിലായിരുന്നു അമന്‍ദീപ്.
ഇക്കാര്യത്തില്‍ ഇതുവരെ
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതികരിച്ചിട്ടില്ലെങ്കിലും ഉടന്‍തന്നെ
പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടി
നേതൃത്വം ഈ പ്രശ്‌നത്തില്‍ ഇടപെട്ട് രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍
നടക്കുന്നുണ്ട്.
ജലന്ദറില്‍ ജനിച്ചുവളര്‍ന്ന ഭോഗല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ
ക്യാംപെയിനുകളില്‍ പങ്കെടുത്തപ്പോഴെല്ലാം തന്റെ ട്രേഡ്മാര്‍ക്ക് നീല
ടര്‍ബന്‍ അണിഞ്ഞിരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അപ്പര്‍ ബന്‍
മണ്ഡലത്തെയാണ് ഭോഗല്‍ പ്രതിനിധീകരിക്കുന്നത്.
ഈ മണ്ഡലത്തില്‍ ഭോഗല്‍ ജയിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഇയാള്‍ക്ക്
മികച്ച മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ്
പാര്‍ട്ടിയിലെ ഡേവിഡ് സിംപ്‌സണാണ് ഇവിടുത്തെ സിറ്റിംഗ് എംപി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല