1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ചു. 650 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ 7 മുതൽ രാത്രി 10 മണി വരെ നടന്ന തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ വോട്ടെണ്ണൽ തുടരവേ യുകെ സമയം രാവിലെ 5 വരെയുള്ള കണക്കുകൾ പ്രകാരം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി 332 സീറ്റ് നേടിയതായിട്ടാണ് വിവരം. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 326 എന്ന സംഖ്യ മറികടന്നതോടെ ലേബർ പാർട്ടി അധികാരം ഉറപ്പിച്ചു.

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് 70 സീറ്റുകൾ മാത്രമാണ് ഇതുവരെ ലഭ്യമായത്. ലിബറൽ ഡെമോക്രാറ്റ് പാർട്ടി 44 സീറ്റുകളുമായി മുന്നേറ്റം തുടരുന്നു. സിൻഫീൻ – 5, റിഫോം യുകെ – 4, സ്കോട്ടിഷ് നാഷനൽ പാർട്ടി 4, മറ്റുള്ളവർ -14 എന്നിങ്ങനെയാണ് മുന്നേറ്റം. ഏതാനം മണിക്കൂറുകൾ കൂടി കൾ കൂടി കഴിയുമ്പോൾ പൂർണ്ണ ഫലം പുറത്തു വരും. എക്‌സിറ്റ് ഫലങ്ങൾ നൽകിയ സൂചനകൾ പോലെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി പദത്തിലേക്ക് എത്തും. ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് ഉറപ്പായി.

രാജ്യത്ത് മാറ്റങ്ങളുടെ പുതിയ കാലഘട്ടം വാഗ്ദാനം ചെയ്താണ് കെയ്ർ സ്റ്റാർമർ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക് നടന്ന് കയറുന്നത്. കുടിയേറ്റം, സാമ്പത്തിക മേഖലയിലെ തകർച്ച, ആരോഗ്യ മേഖലയിലെ പ്രതിസന്ധി എന്നിങ്ങനെ രാജ്യം നിലവിൽ നേരിടുന്ന മൂന്ന് വെല്ലുവിളികളെ പ്രചാരണ ആയുധമാക്കിയാണ് സ്റ്റാർമർ ലേബർ പാർട്ടിയെ അധികാരത്തിലേക്ക് 14 വർഷത്തിന് തിരികെയത്തിച്ചത്.

അതിർത്തി സുരക്ഷാ കമാൻഡ്

അനധികൃത കുടിയേറ്റം മനുഷ്യകടത്ത് എന്നിവ തടയാൻ “ഒരു പുതിയ അതിർത്തി സുരക്ഷാ കമാൻഡ് ആരംഭിക്കുമെന്ന്” സ്റ്റാർമാർ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയിരുന്നു. രാജ്യത്ത് അനധികൃതമായ കുടിയേറ്റം നടത്തിയവരെ പുറത്താക്കുന്ന റുവാണ്ട നിയമമാണ് നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് തിരഞ്ഞെടുപ്പിലും ഉയർത്തികാട്ടുന്നത്. ഈ നിയമത്തിന്‍റെ ഭാവി എന്താകുമെന്ന കാര്യത്തിൽ അനിശ്ചിത്വം തുടരുകയാണ്.

ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും

ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നാഷ്നൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) മെച്ചപ്പെടുത്തലുകൾ കൊണ്ടുവരും.ഓരോ ആഴ്ചയിലെ വൈകുന്നേരത്തിലെയും വാരാന്ത്യത്തിലെയും അപ്പോയിൻമെന്‍റുകളുടെ എണ്ണം 40000 ആയി ഉയർത്തും. ഇതുവഴി കാത്തിരിപ്പ് സമയം കുറയ്ക്കാനാണ് ലക്ഷ്യം. കൂടാതെ എൻഎച്ച്എസിന്‍റെ സ്റ്റാഫ്, ബാക്ക്‌ലോഗ് പ്രശ്നങ്ങളും പരിഹരിക്കുമെന്നും സ്റ്റാർമർ വാഗ്ദാനം നൽകിയിരുന്നു .
വിദ്യാഭ്യാസ മേഖലയിൽ പുതിയ നിയമനങ്ങൾ

6,500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നും വാഗ്ദാനം നൽകിയതും സ്റ്റാർമറിന് തിരഞ്ഞെടുപ്പിൽ ഗുണമായി.

വിദേശനയം

ഒരു സ്വതന്ത്ര വ്യാപാര കരാർ പിന്തുടരുന്നതുൾപ്പെടെ ഇന്ത്യയുമായി പുതിയ തന്ത്രപരമായ പങ്കാളിത്തത്തിലേർപ്പെടുമെന്നും സ്റ്റാർമാർ വാഗ്ദാനം ചെയ്തു. ഇസ്രയേലിലേക്കുള്ള ആയുധ വിൽപന നിർത്തി പലസ്തീൻ രാഷ്ട്രം അംഗീകരിക്കാനും പദ്ധതി.

‘ഇത് വളരെ പ്രയാസകരമായ ഒരു ദിവസമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവുംമികച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന ബഹുമതി ഞാന്‍ അവസാനിപ്പിക്കുകയാണ്’, സുനക് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

‘നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസ്സിലാക്കി, ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെപോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു’, സുനക് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങിയത്. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്. 210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയുണ്ടദ്ദേഹത്തിന്. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 365 സീറ്റ് കണ്‍സര്‍വേറ്റീവുകള്‍ നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.