1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2023

സ്വന്തം ലേഖകൻ: ലൈംഗിക ആരോപണത്തെ തുടർന്ന് കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപി രാജിവച്ചു. സോമർസെറ്റിലെ സോമർട്ടൺ ആൻഡ് ഫ്രോം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡേവിഡ് വാർബർട്ടണനാണ് രാജിവച്ചത്. എട്ട് ദിവസത്തിനുള്ളിൽ നാല് എംപിമാരാണ് യുകെയിൽ രാജിവച്ചത്. ഇതിൽ ആദ്യത്തെയാൾ പാർട്ടിഗേറ്റ് വിവാദത്തെ തുടർന്നു രാജിവച്ച മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനാണ്.

ബോറിസിന്റെ രാജിയെ തുടർന്നു രണ്ട് പേർ കൂടി രാജി വെച്ചിരുന്നു. നൈജൽ ആഡംസ്, നദീൻ ഡോറിസ് എന്നിവരാണ് രാജിവച്ചത്. ഇതോടെ ബ്രിട്ടനിൽ ഋഷി സുനകിന്റെ മന്ത്രിസഭ നേരിടേണ്ടി വരിക നാല് ഉപതിരഞ്ഞെടുപ്പുകളാണ്. രാജിവച്ചവരിൽ നദീൻ ഡോറിസിന്റെ മണ്ഡലം ഒഴികെ ബാക്കി മണ്ഡലങ്ങളിൽ ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും.

ബ്രിട്ടനിലെ ചില ദേശീയ ദിനപത്രങ്ങളിലൂടെയാണ് 14 മാസങ്ങൾക്ക് മുൻപ് ഡേവിഡ് വാർബർട്ടണിന് എതിരെ ലൈംഗിക ആരോപണങ്ങൾ വരുന്നത്. ലഹരിമരുന്നു കഴിക്കുകയും രണ്ട് സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം. ഇതേ തുടർന്നു കഴിഞ്ഞ വർഷം ഏപ്രിലിൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഡേവിഡ് വാർബർട്ടനെ സസ്പെൻഡ് ചെയ്തു.

എന്നാൽ തന്നെക്കുറിച്ചുള്ള ആരോപണങ്ങൾ ദുരുദ്ദേശ്യപരമാണെന്നും ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീം (ഐസിജിഎസ്) തനിക്ക് ന്യായമായ ഹിയറിങ് നിഷേധിച്ചതായും ആരോപണങ്ങൾ അന്വേഷിക്കുന്നതിനിടയിൽ സംസാരിക്കുവാൻ അനുവാദിച്ചില്ലെന്നും ഡേവിഡ് വാർബർട്ടൺ മൂന്ന് പേജുള്ള രാജിക്കത്തിൽ പറഞ്ഞു.

ലിബറൽ ഡെമോക്രാറ്റുകൾക്ക് സ്വാധീനമുള്ള മണ്ഡലത്തെ 2015 ൽ പിടിച്ചെടുക്കുകയായിരുന്നു ഡേവിഡ് വാർബർട്ടൺ. 2017 ലും 2019 ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വോട്ടെടുപ്പിൽ 19,213 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.