സ്വന്തം ലേഖകന്‍: തെരേസാ മേയ് സര്‍ക്കാരിനെ പിന്തുണക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഡിയുപിയും ധാരണയായി, വടക്കന്‍ അയര്‍ലന്‍ഡിന് അധിക ധനസഹായമായി 100 കോടി പൗണ്ട് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള കരാറില്‍ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെയും ഡി.യു.പിയുടെയും ചീഫ് വിപ്പുമാര്‍ ഒപ്പുവെച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡി.യു.പിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സഹകരിക്കുമെന്ന കരാറില്‍ ഒപ്പപുവെച്ചത്. പാര്‍ലമെന്റ് കാലയളവ് വരെ കരാര്‍ നിലനില്‍ക്കുമെന്നും രണ്ടു വര്‍ഷത്തിനു ശേഷം കരാര്‍ പുതുക്കുമെന്നും ഡി.യു.പി വൃത്തങ്ങള്‍ അറിയിച്ചു.
വടക്കന്‍ അയര്‍ലന്‍ഡിനു നേരത്തെ പ്രഖ്യാപിച്ചതില്‍ അധികമായി 130 കോടി ഡോളറിന്റെ (100കോടി പൗണ്ട്) ധനസഹായം നല്‍കാമെന്നു തെരേസാ മേ സര്‍ക്കാര്‍ സമ്മതിച്ചതിനു പകരമായി രാജ്ഞിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം, ബജറ്റ്, ബ്രെക്സിറ്റ് നിയമങ്ങള്‍, എന്നിവ ഉള്‍പ്പെടെ പ്രധാന പ്രശ്നങ്ങളിലെല്ലാം മേയുടെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് അനുകൂലമായി ഡിയുപി എംപിമാര്‍ വോട്ടു ചെയ്യും.
650 അംഗ പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റീവ് കക്ഷിക്ക് കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റിന്റെ കുറവാണുണ്ടായിരുന്നത്. ഡിയുപി പിന്തുണ ഉറപ്പായതോടെ മേ സര്‍ക്കാരിനു തത്കാലം ഭീഷണിയില്ല. രണ്ടാഴ്ചയിലേറെ ദീര്‍ഘിച്ച ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ കരാര്‍ ഒപ്പിട്ടത്. തത്കാലം ഭീഷണി ഒഴിവായെങ്കിലും മേ സര്‍ക്കാരിന്റെ നില സുരക്ഷിതമല്ലെന്നാണു സൂചന.
1998ലെ വടക്കന്‍ അയര്‍ലന്‍ഡ് സമാധാന ഉടന്പടിക്ക് ഡിയുപിയുമായുള്ള കരാര്‍ ദോഷം ചെയ്തേക്കാമെന്നു ചില കണ്‍സര്‍വേറ്റീവ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. ആഗോള താപനം, ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുയായികളുടെ അവകാശം എന്നീ വിഷയങ്ങളില്‍ ഡി.യു.പിയുടെ നിലപാടും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല