സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ് പ്രധാനമന്ത്രി സ്ഥാനം പിടിക്കുമെന്നതിന്റെ സൂചനയെന്ന് നിരീക്ഷകര്‍. പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഇതിനകം 245 കൗണ്‍സില്‍ സീറ്റുകളില്‍ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജയിച്ചു. ലേബര്‍ പാര്‍ട്ടിക്കു കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി ഏതാണ്ടു തുടച്ചുനീക്കപ്പെടുകയും ചെയ്തു.
വെസ്റ്റ് ഇംഗ്ലണ്ടിലെ മേയര്‍ സ്ഥാനം പിടിച്ചെടുത്ത കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വാര്‍വിക് ഷയര്‍, ലിങ്കണ്‍ഷയര്‍, ഗ്ലൗസ്റ്റര്‍ഷയര്‍ ഐസില്‍ ഓഫ് വൈറ്റ് എന്നിവിടങ്ങളില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കി. ടിം ബൗള്‍സാണ് വെസ്റ്റ് ഇംഗ്ലണ്ടിലെ മേയര്‍ സ്ഥാനത്തേക്ക് വിജയിച്ചിരിക്കുന്നത്. ജെറമി കോര്‍ബിയന്റെ ദുര്‍ബലമായ നേതൃത്വമാണ് ലേബര്‍ പാര്‍ട്ടിയെ വന്‍ പരാജയത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പാര്‍ട്ടി നേതാക്കള്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
സൗത്ത് വെയ്ല്‍സ് താഴ്വരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോട് അടക്കം ലേബര്‍ പാര്‍ട്ടിയ്ക്ക് വന്‍ പരാജയമാണ് ഏറ്റ് വാങ്ങേണ്ടി വന്നിരിക്കുന്നത്. മൂന്ന് സീറ്റുകളിലേക്കുള്ള ഫലം ജൂണ്‍ എട്ടിന് മാത്രമേ പ്രഖ്യാപിക്കൂ. ലേബര്‍ പാര്‍ട്ടിയ്ക്ക് മുഖം രക്ഷിക്കാന്‍ ഈ മൂന്ന് സീറ്റുകളിലേയും വിജയം അനിവാര്യമാണ്. കാര്‍ഡിഫില്‍ നേരിയ വ്യത്യാസത്തില്‍ ഭരണം നിലനിര്‍ത്താന്‍ ലേബര്‍ പാര്‍ട്ടിയ്ക്ക് സാധിച്ചെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സീറ്റുകളിലെല്ലാം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത് പാര്‍ട്ടിക്ക് ക്ഷീണമായി.
ജൂണ്‍ എട്ടിനു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസാ മേയ്ക്ക് അനായാസ വിജയം ഉറപ്പാണെന്നതിന്റെ സൂചനയാണിതെന്നു കരുതപ്പെടുന്നു. പൊതു തെരെഞ്ഞെടുപ്പില്‍ തെരേസാ മേയ് കൂടുതല്‍ കരുത്തയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മടങ്ങിവരുമെന്ന് വിവിധ സര്‍വേകളും നേരത്തെ പ്രവചിച്ചിരുന്നു. ഒപ്പം നൂറോളം വനിതാ എംപിമാരും ഇത്തവണ മേയ്‌ക്കൊപ്പം പാര്‍ലമെന്റ് പിടിച്ചെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല