സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഇന്നു പൊതു തിരഞ്ഞെടുപ്പ്. അധികാരം നിലനിർത്താൻ കൺസർവേറ്റീവ് പാർട്ടിയും (ടോറി) 14 വർഷം മുമ്പ് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാൻ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയും തമ്മിൽ ശക്തമായ മൽസരമാണ് രാജ്യത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും. ഇവർക്കൊപ്പം മറ്റു ദേശീയ പാർട്ടികളായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെയും പരിസ്ഥിതി സൗഹൃദ പാർട്ടിയായ ഗ്രീൻ പാർട്ടിയും ചില മണ്ഡലങ്ങളിൽ ഇരുപാർട്ടികളെയും പിന്നിലാക്കും വിധം മൽസരരംഗത്തുണ്ട്.
സ്കോട്ട്ലൻഡിൽ സ്കോട്ടീഷ് നാഷണൽ പാർട്ടിയും (എസ്.എൻ.പി) നോർത്തേൺ അയർലൻഡിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും ഉൾപ്പെടെ പ്രാദേശിക പാർട്ടികളും ദേശീയ പാർട്ടികൾക്ക് കനത്ത വെല്ലുവിളിയുമായി രംഗത്തുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പു നടന്ന സർവേ ഫലങ്ങളെല്ലാം ലേബർ പാർട്ടിക്ക് അനുകൂലമാണ്. സർവേകളുടെ പ്രവചനം ഫലിച്ചാൽ ലേബർ പാർട്ടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും.
പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ള നേതാക്കൾ തോറ്റ്, ടോറികൾ കനത്ത പരാജയം നേരിടുമെന്നുവരെ പ്രവചിക്കുന്നതായിരുന്നു പല സർവേകളും. അടുത്തിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിന്റെ ഫലങ്ങളും ലേബറിന് അനുകൂലമായിരുന്നു. ഇന്നു രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയാണ് വോട്ടെടുപ്പ്. വോട്ട് രേഖപ്പെടുത്താനുള്ള സമയം അവസാനിക്കുമ്പോൾ തന്നെ വോട്ടെണ്ണൽ ആരംഭിക്കും.
വോട്ടെടുപ്പ് ബാലറ്റ് പേപ്പറിൽ ആയതിനാൽ വെള്ളിയാഴ്ച ഉച്ചയോടെയേ ഫലങ്ങൾ പൂർണമായും പുറത്തുവരൂ. 650 അംഗ പാർലമെന്റിൽ 325 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. നല്ലൊരു ശതമാനം വോട്ടർമാരും പോസ്റ്റൽ ബാലറ്റിൽ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല