1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2024

സ്വന്തം ലേഖകൻ: ബ്രിട്ടന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും നിർണായകമെന്നു വിളിക്കാവുന്ന പൊതുതിരഞ്ഞെടുപ്പ് നാളെ. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാ‍ർട്ടിക്ക് കനത്ത പരാജയം പ്രവചിക്കുന്ന അഭിപ്രായസർവേ ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

കെയ്ർ സ്റ്റാർമർ നേതാവായുള്ള ലേബർ പാർട്ടി വൻ മുന്നേറ്റം പ്രതീക്ഷിക്കുന്നു. പിന്നീട് പശ്ചാത്തപിക്കാൻ ഇടവരുത്താത്ത തീരുമാനം വേണം എടുക്കാനെന്ന് വോട്ടർമാരെ സുനക് ഓർമിപ്പിച്ചു. ലേബർ ഭരണം വന്നാൽ എല്ലാവർക്കും നികുതി വർധനയുണ്ടാകുമെന്നും എക്സിലെ സന്ദേശത്തിൽ സുനക് ചൂണ്ടിക്കാട്ടി.

പാർട്ടിയുടെ കടിഞ്ഞാൺ കൈവിടാതെ സൂക്ഷിക്കാൻ കിണഞ്ഞുശ്രമിക്കുമ്പോഴും സുനകിന്റെ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങൾ അമ്പേ പാളിയെന്നു കൺസർവേറ്റിവ് പാർട്ടിയിലെ മുതിർന്ന അംഗങ്ങളും സ്ഥാനാർഥികളും സമ്മതിക്കുന്നു. അപ്പുറത്താകട്ടെ കീർ സ്റ്റാമറിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിജയത്തിലേക്കു നീങ്ങുകയാണ്. ശക്തമായ പ്രതിപക്ഷമാകാൻ പോലുമുള്ള അംഗങ്ങളെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന ഭീതി സുനകിനെ അലട്ടുന്നുണ്ട്.

നൈജൽ ഫരാജിന്റെ റിഫോം യുകെ പാർട്ടിക്കു വോട്ട് ചെയ്ത് സമ്മതിദാനാവകാശം പാഴാക്കരുതെന്നും ലേബർ പാർട്ടി മൃഗീയ ഭൂരിപക്ഷം നേടിയാൽ അതു ജനാധിപത്യത്തിനു ഗുണകരമാകില്ലെന്നും കൺസർവേറ്റിവ് പാർട്ടി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഏറെ വൈകിപ്പോയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ പൊതുവായ വിലയിരുത്തൽ. റിഫോം യുകെയും ഗ്രീൻ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും പിടിക്കുന്ന വോട്ടുകൾ ആത്യന്തികമായി ടോറികളെത്തന്നെയാകും പ്രതിസന്ധിയിലാക്കുക. അവരുടെ വോട്ടുകളാകും ചിതറാൻ പോകുന്നത്.

പ്രാദേശികമായി ടോറി സ്ഥാനാർഥികൾ മികച്ച പ്രചാരണരീതികൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദേശീയതലത്തിലെ നിറംകെട്ട പ്രതിഛായയും പ്രചാരണത്തിലെ പിന്നോട്ടുപോകലും തിരഞ്ഞെടുപ്പുഫലത്തെ ബാധിക്കും. പല കൺസർവേറ്റീവ് സ്ഥാനാർഥികൾക്കും പ്രചാരണത്തിനു ചെലവഴിക്കാൻ ആവശ്യത്തിനു തുകയില്ല. പാർട്ടിയിൽനിന്ന് ആവശ്യത്തിനു തുക ലഭിക്കാതായതോടെ സ്വന്തം നിലയ്ക്കു ധനസമാഹാരണത്തിനു പലരും ഇറങ്ങിയെങ്കിലും പലയിടത്തും അതു ഫലവത്തായില്ല.

ഉന്നത നേതാക്കളും നിലവിലെ പല മന്ത്രിമാരും കടുത്ത മൽസരമാണു നേരിടുന്നത്. പലരുടെയും നില പരുങ്ങലിലാണു താനും. സ്വന്തം സീറ്റ് ഏതുവിധേനെയും നിലനിർത്താനുള്ള തത്രപ്പാടിൽ ദേശീയതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്കാകുന്നില്ല. എതിരാളികളാകട്ടെ, ശ്രദ്ധേയമായൊരു നരേറ്റിവ് കൊണ്ടുവരികയും അതു ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കാൻ സാധ്യമായ എല്ലാവഴികളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.