മലയാളികളുടെ പ്രിയതാരം കാവ്യാമാധവനെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ഒരു മുന്‍നിര നായികനടിയുടെ നേതൃത്വത്തില്‍ ഗൂഢനീക്കം നടക്കുന്നതായി സൂചന. അടുത്തിടെ പ്രചരിച്ച വിവാഹവാര്‍ത്തയെക്കുറിച്ച് കാവ്യയുടെ കുടുംബവും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്‌ക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. വിവാഹമോചനം നേടിയ ശേഷം തിരിച്ചെത്തിയിട്ടും കാവ്യയുടെ ജനപ്രീതി കുറയാതിരുന്നത് ചിലരെ അസ്വസ്ഥരാക്കി.
ഇവര്‍ കാവ്യയെ സിനിമാ രംഗത്ത് നിന്ന് പുറത്താക്കുന്നതിന് ഗൂഢാലോചന നടത്തുന്നത്. അങ്ങനെയാണ് അടുത്തിടെ മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ ലഭിയ്‌ക്കുന്ന നായിക താരം ഒരു പ്രമുഖ ന്യൂസ് പോര്‍ട്ടലിനോട് കാവ്യ ഉടന്‍ രണ്ടാമത് വിവാഹിതയാകുമെന്ന് വിവരം നല്‍കിയത്. സിനിമാ രംഗത്ത് സജീവമായ ഒരു സാങ്കേതികപ്രവര്‍ത്തകനായിരിക്കും കാവ്യയുടെ വരന്‍ എന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കാവ്യയുടെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹവാര്‍ത്തയുടെ പിന്നാമ്പുറം തേടിയത്. ഒടുവില്‍ കാവ്യയ്‌ക്കെതിരെ പ്രചാരണം നടത്തിയ വിവാദ നടിയെ കണ്ടെത്തിയ അന്വേഷണ സംഘം ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍, തനിക്ക് ലഭിച്ച വിവരം ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വെറുതെ സൂചിപ്പിച്ചതാണെന്നും അല്ലാതെ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.
താനുമായി നല്ല സൗഹൃദമുള്ള നടിയാണ് ഈ ഗൂഢനീക്കങ്ങള്‍ക്ക് പിന്നിലെന്നത് കാവ്യയെ ഞെട്ടിച്ചിട്ടുണ്ട്. കാവ്യയ്‌ക്കെതിരെ അടുത്തകാലത്തായി പ്രചരിക്കുന്ന മറ്റ് ചില ഗോസിപ്പുകള്‍ക്ക് പിന്നിലും ഈ സംഘമാണെന്നാണ് സൂചന. ഒരു പ്രമുഖ സംവിധായകനും ഈ സംഘത്തിലുണ്ടെന്നാണ് ലഭിച്ച വിവരം. മലയാളത്തിലെ ഒരു ജനപ്രിയനായകനുമായി കാവ്യയ്‌ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും, ഇയാള്‍ കാരണമാണ് കാവ്യയുടെ വിവാഹബന്ധം തകര്‍ന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് അഭിനയിക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഇരുവരും അമിതമായ അടുപ്പം കാണിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ ചില ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കാവ്യയെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ നടക്കുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമായാണ് ഈ ഗോസിപ്പുകള്‍. കാവ്യയ്‌ക്കെതിരെ പ്രചാരണം നടത്താന്‍ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്രയെയും ഈ ഗൂഢസംഘം രംഗത്തിറക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിശാല്‍ ചന്ദ്രയുടെ അഭിമുഖം ചാനലുകളില്‍ വന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ വിസമ്മതിച്ചു. സിനിമാരംഗത്ത് ഗോസിപ്പുകള്‍ ഉണ്ടാകുമെന്നും, അത് കാര്യമായെടുക്കുന്നില്ലെന്നുമാണ് കാവ്യയുടെ നിലപാട്.
വിവാഹ മോചനം നേടിയ ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ കാവ്യയ്‌ക്ക് കൈനിറയെ അവസരങ്ങളായിരുന്നു. ഇതില്‍ ചൈനാടൗണ്‍, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിച്ചപ്പോള്‍ ഗദ്ദാമ, ഭക്‌തജനങ്ങളുടെ ശ്രദ്ധയ്‌ക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരവധി പുരസ്‌ക്കാരങ്ങളും നിരൂപക പ്രശംസയും നേടി. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വെനീസിലെ വ്യാപാരി എന്ന ചിത്രമാണ് കാവ്യ അഭിനയിച്ചതില്‍ റിലീസാകാനുള്ള സിനിമ.
കാവ്യ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏതായാലും വിവാഹ വാര്‍ത്ത കൊണ്ട് തന്നെ തകര്‍ക്കാനാകില്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കാവ്യ. മേല്‍വിലാസം എന്ന ചിത്രം സംവിധാനം ചെയ്‌ത മാധവ് രാംദാസിന്റെ അടുത്ത ചിത്രം, സുധി അമ്പലപ്പാടിന്റെ ബ്രേക്കിംഗ് ന്യൂസ്, അനില്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയിലും കാവ്യ അഭിനയിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല