1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

സാമ്പത്തിക സേവനം എന്നത് വ്യവസായമായി മാറിയ കാലഘട്ടത്തിലാണ് കാര്‍ഡുകള്‍ പണത്തിന്റെ ലോകം കൈയ്യടക്കുന്നത്. എന്തിനും ഏതിനും കാര്‍ഡുകള്‍ കൊണ്ട് തലോടിയാല്‍ മതിയെന്ന അവസ്ഥ. കാര്‍ഡുകള്‍ വ്യാപകമാകുന്നു എന്ന അവസ്ഥമാറി നിത്യജീവിതത്തിന്റെ ഭാഗം തന്നെയാകുന്നു എന്ന അവസ്ഥയിലാണ് കാര്‍ഡുകളളന്‍മാരുടെ രംഗപ്രവേശം. പഴയപോലെ ബസിലെ തിരക്കില്‍നിന്ന് പോക്കറ്റടിക്കുന്ന കളളന്‍മാരല്ല – ഹൈടെക് കളളന്‍മാര്‍. കാര്‍ഡിലെ വിവരങ്ങള്‍ ഉടമ പോലുമറിയാതെ ചോര്‍ത്തിയെടുത്ത് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മ്മിച്ച് പണം തട്ടിയെടുക്കുന്ന പുതുയുഗത്തിന്റെ കളളന്‍മാര്‍.

ദിവസേനയെന്നോണം കാര്‍ഡ് തട്ടിപ്പുകളെ കുറിച്ച് പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വന്നിട്ടും ബാങ്കുകള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഇപ്പോഴും പലരും ഈ ചതിക്കുഴിയില്‍ വീഴുന്നു. എന്താണിതിന് കാരണം. കളളന്‍മാര്‍ തങ്ങളുടെ ടെക്‌നിക് ഇടക്കിടെ മാറ്റികൊണ്ടിരിക്കും. അത്രയധികം ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോയത് തന്നെ…

കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡുകളുടെ വളര്‍ച്ച

ഇന്ന് ഫാസ്റ്റ് ഫുഡ് മുതല്‍ ബുക്കുകള്‍ വാങ്ങാന്‍ വരെ കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. പണം കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാം എന്നതാണ് ഇതിന്റെ ഗുണം. യുകെയിലെ കാര്‍ഡുകളെ കുറിച്ചുളള പുതിയ കണക്ക് അനുസരിച്ച് 20 മില്യണ്‍ കോണ്‍ടാക്ട്‌ലെസ്സ് ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കിയിട്ടുളളത്. യുകെയിലെ വ്യാപാരികള്‍ മാത്രം എണ്‍പതിനായിരം കാര്‍ഡ് റീഡറുകളാണ് കടയില്‍ സ്ഥാപിച്ചിരിക്കുന്നത്. അടുത്തിടെ എച്ച്എസ്ബിസി തങ്ങളുടെ ഡെബിറ്റ് കാര്‍ഡുകള്‍ കോണ്‍ടാക്ട്‌ലെസ്സ് ടെക്‌നോളജിയിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡ് വേണോ സാധാരണ കാര്‍ഡ് വേണോ എന്ന് തിരഞ്ഞെടുക്കാനുളള സൗകര്യമുണ്ട്.

എന്താണ് കാര്‍ഡില്‍ നിന്ന ചോര്‍ത്തുന്നത്.

ഒരു കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡ് റീഡറുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ റീഡര്‍ ഉടമയും കാര്‍ഡ് അടിമയുമാണ്. അതായത് റീഡറിന് കാര്‍ഡിലെ വിവരങ്ങളെല്ലാം തന്നെ കൈയ്യടക്കാന്‍ കഴിയുമെന്ന് സാരം. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുളള ഈ ഉപകരണം നിസ്സാരമായ വിലക്ക് ലഭിക്കുമെന്നതാണ് കളളന്‍മാര്‍ക്കുളള ഗുണം. കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡുകള്‍ പത്ത് സെന്റീമീറ്ററിന് ഉളളിലെത്തിയാല്‍ ഈ ഉപകരണത്തിന് ഇതിനുളളിലെ ഡേറ്റകള്‍ ചോര്‍ത്താന്‍ കഴിയും. കാര്‍ഡിനുളളിലെ വിവരങ്ങള്‍ ചോര്‍ത്തികഴിഞ്ഞാല്‍ പിന്നീട് കാര്‍ഡ് ഡ്യൂപ്ലിക്കേറ്റ് ചെയ്‌തോ നിങ്ങളുടെ കാര്‍ഡ് മോഷ്ടിച്ചോ തട്ടിപ്പ് നടത്താന്‍ സാധിക്കും.

കാര്‍ഡുകള്‍ക്ക് നടുവിലായി രേഖപ്പെടുത്തിയിരിക്കുന്ന പ്രൈമറി അക്കൗണ്ട് നമ്പരുപയോഗിച്ചിട്ടാണ് ബാങ്ക് അക്കൗണ്ട് ഉടമയെ തിരിച്ചറിയുന്നതും പണം അനുവദിക്കുന്നതും. കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡുകളില്‍ ഈ നമ്പര്‍ റീഡറുകള്‍ തിരിച്ചറിയുന്നത് കാര്‍ഡിന്റെ ദൃശ്യം പരിശോധിച്ചാണ്. കാര്‍ഡിന്റെ എക്‌സ്പിയറി ഡേറ്റും ഇത്തരത്തില്‍ മനസ്സിലാക്കുന്നു. ഇത്രയും വിവരങ്ങള്‍ തന്നെ തട്ടിപ്പിന് ധാരാളം.

എത്ര മാത്രം അപകടം

ഒരാള്‍ കാര്‍ഡ് മോഷ്ടിച്ചുകൊണ്ട് പോകുന്നതിനേക്കാള്‍ അപകടമാണ് കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത്. എന്നാല്‍ എത്ര കാര്‍ഡുടമകള്‍ തങ്ങളുടെ കാര്‍ഡുകള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കാറുണ്ട്. ബാങ്കിന്റെ പേയ്‌മെന്റ് സ്‌കീം റൂളനുസരിച്ച് കാര്‍ഡുടമകള്‍ രണ്ട് തരത്തിലുളള തട്ടിപ്പിനെകുറിച്ചും ബോധവാന്മാരായിരിക്കണം. ഒരിക്കലും പിന്‍ നമ്പര്‍ പോലുളള വിവരങ്ങള്‍ വെളിപ്പെടുത്തരുത്. ബാങ്ക് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ നടപടികള്‍ കൃത്യമായി പാലിക്കണം. എല്ലാ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളും ഉടമയുടെ റിസ്‌കിലാണ് നടക്കുന്നതെന്ന ഓര്‍മ്മ വേണം. കാര്‍ഡ് യുഗത്തില്‍ പേഴ്‌സില്‍ അല്‍പ്പം കാശുമായി പോയി എന്ന് കരുതി നിങ്ങളൊരിക്കലും പഴഞ്ചനാകില്ല.

ജാഗരൂകനായിരിക്കുക

പുതിയ പുതിയ പേയ്‌മെന്റ് ടെക്‌നോളജികള്‍ വരുന്നത് അനുസരിച്ച് നിങ്ങള്‍ക്കുളള സൗകര്യങ്ങള്‍ കൂടുന്നതിനൊപ്പം അപകടവും ഒളിഞ്ഞിരിപ്പുണ്ടെന്ന് അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ കോണ്‍ടാക്ട്‌ലെസ്സ് കാര്‍ഡുകള്‍ സാധാരണ കാര്‍ഡുകളെപോലെ ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് വീശരുത്. നിങ്ങളുടെ കാര്‍ഡിലെ ഡേറ്റ ആരെങ്കിലും ചോര്‍ത്തുമെന്ന് സംശയമുണ്ടെങ്കില്‍ പുറത്തിറങ്ങുമ്പോള്‍ കാര്‍ഡ് ഒരു കിച്ചണ്‍ ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. ഫോയില്‍ മാറ്റുന്നത് വരെ ആര്‍ക്കും കാര്‍ഡിലെ ഡേറ്റ ചോര്‍ത്താന്‍ കഴിയില്ല. എന്നാല്‍ ആരെങ്കിലും വിവരങ്ങള്‍ ചോര്‍ത്തിയേ അടങ്ങു എന്ന് തുനിഞ്ഞ് ഇറങ്ങിയാല്‍ അത്ര പ്രയാസമില്ലാതെ വിവരങ്ങള്‍ ചോര്‍ത്താനാകും എന്ന് മനസ്സില്‍ കരുതിയിരിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.