1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2025

സ്വന്തം ലേഖകൻ: ആരോഗ്യത്തിന് അപകടകരമാം വിധം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സൗദി അധികൃതര്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ബീഫ് റോസ്റ്റില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകള്‍ അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. ഈ ബാക്ടീരിയ ഉപഭോക്താക്കളില്‍ ആരോഗ്യപരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് എസ്എഫ്ഡിഎ പ്രസ്താവനയില്‍ അറിയിച്ചു.

സാന്നിധ്യം കണ്ടെത്തിയ ബീഫ് റോസ്റ്റ് ഉല്‍പ്പന്നം യുഎഇയില്‍ നിന്നാണ് സൗദിയില്‍ എത്തിയത്. 2024 ഡിസംബര്‍ രണ്ടിന് പായ്ക്ക് ചെയ്തതും 2025 ഏപ്രില്‍ ഒന്നിന് കാലഹരണപ്പെടുന്നതുമായ ബീഫ് റോസ്റ്റിൻ്റെ രണ്ട്, മൂന്ന് കിലോഗ്രാം പാക്കേജുകളിലാണ് ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയത്.

ഈ ഉല്‍പ്പന്നം കഴിക്കുന്നത് ഉടനടി ഒഴിവാക്കാനും ശേഷിക്കുന്നത് നശിപ്പിക്കാനും എസ്എഫ്ഡിഎ ഉപഭോക്താക്കളെ ഉപദേശിച്ചു. ഈ ഉല്‍പ്പന്നം സൗദി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ബീഫ് റോസ്റ്റ് ഇറക്കുമതി ചെയ്ത കമ്പനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അതോറിറ്റി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് എസ്എഫ്ഡിഎയുടെ നടപടി. ഭക്ഷ്യ നിയമത്തിൻ്റെയും അതിൻ്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണത്തിൻ്റെയും ലംഘനങ്ങള്‍ക്ക് 10 ദശലക്ഷം റിയാല്‍ വരെ പിഴയോ 10 വര്‍ഷം വരെ തടവോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.