സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃപദവി രാജിവയ്ക്കും. ഫലത്തില്‍ ഇത് പ്രധാനമന്ത്രിപദം രാജിവയ്ക്കലാണ്. പക്ഷേ, ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അവര്‍ പ്രധാനമന്ത്രിയുടെ ചുമതലകള്‍ തുടരും. ബ്രെക്‌സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയാക്കിയത്.
പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുന്നവരില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സണ്‍ ആണു മുന്നില്‍. 11 കണ്‍സര്‍വേറ്റീസ് എംപിമാര്‍ കൂടി മത്സരത്തിനുണ്ട്. തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക നടപടികള്‍ തിങ്കളാഴ്ച തുടങ്ങും. ബ്രെക്‌സിറ്റിനായി യൂറോപ്യന്‍ യൂണിയനുമായി മേ ഉണ്ടാക്കിയ വിടുതല്‍ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പലവട്ടം തള്ളി. ഇതേത്തുടര്‍ന്നാണ് മേ രാജിപ്രഖ്യാപനം നടത്തിയത്.
ബ്രെക്‌സിറ്റിനെ എതിര്‍ത്തിരുന്ന മേ, ബ്രെക്‌സിറ്റിനായി കരാര്‍ ഉണ്ടാക്കാനുള്ള നിയോഗം പേറിയത് വിരോധാഭാസമായിരുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ബ്രിട്ടീഷ് ജനത അനുകൂലമായി വിധി എഴുതിയപ്പോള്‍ ബ്രെക്‌സിറ്റ് വിരുദ്ധനായ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് രാജിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്നാണ് മേ പ്രധാനമന്ത്രിയായത്. പാര്‍ലെന്റില്‍ ഭൂരിപക്ഷം കൂട്ടി ബ്രെക്‌സിറ്റ് നടപ്പാക്കമെന്ന പ്രതീക്ഷയില്‍ മേ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയെങ്കിലും പാളി. മേയ്ക്കു വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനായെങ്കിലും ഉള്ള ഭൂരിപക്ഷം നഷ്ടമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല