സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയയിലെ ബട്‌ലറില്‍ ശനിയാഴ്ച വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമം ലോകത്തെയാകെ ഞെട്ടിച്ചു. ആക്രമണത്തെ ട്രംപ് അതിജീവിക്കുകയും അക്രമിയെ സീക്രട്ട് സര്‍വീസ് വധിക്കുകയുംചെയ്തു. എന്നാല്‍, ട്രംപിനുനേരെ പാഞ്ഞുവരുന്ന വെടിയുണ്ടയുടെ ചിത്രം ഇതിനിടെ ചര്‍ച്ചയാവുകയാണ്. ന്യൂയോര്‍ക് ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയത്.
അക്രമി ഉതിര്‍ത്തെന്ന് കരുതുന്ന വെടിയുണ്ട ട്രംപിനെ കടന്നുപോകുന്നതിന്റേയും പിന്നാലെ വലതുചെവി പൊത്തിപ്പിടിച്ച് ട്രംപ് പ്രസംഗപീഠത്തിനുപിന്നില്‍ നിലത്തിരുന്നുപോവുന്നതിന്റേയും ചിത്രമാണ് ഡഗ് മില്‍സിന്റെ ക്യാമറയില്‍ പതിഞ്ഞത്. വെടിയുണ്ടയുടെ സഞ്ചാരപഥത്തിലെ വായുവിന്റെ സ്ഥാനചലനമാകാം ചിത്രത്തില്‍ പതിഞ്ഞതെന്നാണ് വിരമിച്ച എഫ്.ബി.ഐ. സ്‌പെഷ്യല്‍ ഏജന്റ് മൈക്കല്‍ ഹാരിഗന്‍ പറയുന്നത്.
സെക്കന്‍ഡില്‍ 30 ഫ്രെയിമുകള്‍ വരെ പകര്‍ത്താന്‍ ശേഷിയുള്ള സോണിയുടെ ഡിജിറ്റല്‍ ക്യാമറയാണ് ഡഗ് മില്‍ ഉപയോഗിച്ചത്. 1/8000 സെക്കന്‍ഡ് ഷട്ടര്‍ സ്പീഡിലാണ് ചിത്രം പകര്‍ത്തിയത്. സാധാരണ ക്യാമറകള്‍കൊണ്ട് വെടിയുണ്ടയുടെ സഞ്ചാരപഥം ചിത്രീകരിക്കാന്‍ കഴിയില്ലെന്നിരിക്കെ, ഡഗിന്റേത് അപൂര്‍വ്വ ചിത്രമായാണ് പരിഗണിക്കപ്പെടുന്നത്.
വളരെ സാധാരണമായൊരു തിരഞ്ഞെടുപ്പ് റാലിയിൽ അപ്രതീക്ഷിതമായാണ് കാര്യങ്ങള്‍ അസാധാരണ വാര്‍ത്താപ്രാധാന്യം കൈവരിച്ചതെന്ന് ഡഗ് മില്‍സ് പറയുന്നു. പെട്ടന്ന് മൂന്നോ നാലോ തവണ ശബ്ദം കേട്ടു. കാറാണെന്നാണ് ആദ്യം കരുതിയത്. വെടിയൊച്ചയാവുമെന്ന് ഒട്ടും കുരതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി ചിത്രം പകര്‍ത്തിക്കൊണ്ടിരുന്നു. ട്രംപ് പ്രസംഗപീഠത്തിന് പിന്നിലേക്ക് വീണു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായി. സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ പെട്ടെന്നുതന്നെ ട്രംപിനടുത്തേക്ക് ഓടിയെത്തി. കൗണ്ടര്‍ സ്‌നൈപ്പര്‍മാര്‍ അദ്ദേഹത്തെ വളഞ്ഞു. സ്റ്റേജിന്റെ ഒരു ഭാഗത്ത് ചെന്ന് ട്രംപിനെ കാണാന്‍ ശ്രമിച്ചു. ഇതിനിടെ അദ്ദേഹം എഴുന്നേറ്റുനിന്ന് മുഷ്ടി ഉയര്‍ത്തി. ഇതോടെ ജീവനുണ്ടെന്ന് മനസിലായി.
മുഖത്ത് ചോരപ്പാട് ഉണ്ടായിരുന്നു. ചിത്രം പകര്‍ത്തിക്കൊണ്ടിരുന്നു. ഒരുചിത്രത്തില്‍ അദ്ദേഹം വളരെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തില്‍ കാണപ്പെട്ടു, എന്നാല്‍ അടുത്ത ഫ്രെയിമില്‍ അദ്ദേഹം പൂര്‍ണ്ണമായും തകര്‍ന്നതുപോലെയായിരുന്നു. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ അദ്ദേഹത്തെ തന്റെ എസ്.യു.വിയിലേക്ക് കൊണ്ടുപോയെന്നും ഡഗ് പറഞ്ഞു.
1983 മുതല്‍ രാഷ്ട്രീയ വാര്‍ത്താചിത്രങ്ങള്‍ പകര്‍ത്തുന്ന മുതിര്‍ന്ന ഫോട്ടോഗ്രഫറാണ് ഡഗ് മില്‍സ്. ന്യൂയോര്‍ക്ക് ടൈംസിന് മുമ്പ് അസോസിയേറ്റഡ് പ്രസിലും യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണലിലും പ്രവര്‍ത്തിച്ചു. രണ്ടുതവണ പുലിറ്റ്‌സര്‍ സമ്മാനം നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല