സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിനുനേരേ വെടിയുതിര്‍ത്ത ഇരുപതുകാരന്‍ വധശ്രമം ആസൂത്രണംചെയ്തത് ഒറ്റയ്ക്കാണെന്ന് സൂചന. എഫ്.ബി.ഐ. ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇയാളുടെ രാഷ്ട്രീയനിലപാട് എന്താണെന്നോ വധശ്രമത്തിന് പ്രേരിപ്പിച്ച കാരണമെന്തെന്നോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ട്രംപിന് നേരേ വെടിയുതിര്‍ത്ത തോമസ് മാത്യു ക്രൂക്ക്‌സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമുള്ള ഇയാള്‍ അടുത്തിടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു കമ്മിറ്റിക്ക് പണം സംഭാവന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പെന്‍സില്‍വേനിയയിലെ ബട്ലറില്‍ ശനിയാഴ്ച വൈകീട്ട് 6.08-ന് (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 3.38) പ്രചാരണയോഗത്തില്‍ പ്രസംഗിക്കവേയാണ് ട്രംപിന് വലതുചെവിയില്‍ വെടിയേറ്റത്. വെടിവെപ്പില്‍ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയായ തോമസ് മാത്യു ക്രൂക്ക്‌സിനെ യു.എസ്. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ട്രംപിനുനേരേ വെടിയുതിര്‍ത്ത തോമസ് മാത്യു ക്രൂക്ക്‌സ് സ്‌കൂള്‍ പഠനകാലത്ത് ശാന്തസ്വഭാവക്കാരനായിരുന്നുവെന്നാണ് ഇയാളുടെ പഴയ സഹപാഠികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മിക്കപ്പോഴും ഇയാള്‍ ഒറ്റയ്ക്കായിരുന്നു. ഏകാകിയായ ക്രൂക്ക്‌സ് ഒരിക്കലും രാഷ്ട്രീയവിഷയങ്ങൾ ചര്‍ച്ചചെയ്തിരുന്നതായി ഓര്‍ക്കുന്നില്ലെന്നും സഹപാഠികള്‍ പറഞ്ഞു.
സ്‌കൂള്‍കാലത്ത് ക്രൂക്ക്‌സ് ഏറെ പരിഹാസവും ഉപദ്രവവും നേരിട്ടിട്ടുണ്ടെന്ന് മറ്റൊരു സഹപാഠി വെളിപ്പെടുത്തി. പലപ്പോഴും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പേരിലാണ് ഇയാളെ മറ്റുള്ളവര്‍ പരിഹസിച്ചിരുന്നതെന്നും സഹപാഠി പറഞ്ഞു. മധ്യവര്‍ഗ കുടുംബത്തില്‍പ്പെട്ട ക്രൂക്ക്‌സ് ഒരു നഴ്‌സിങ് ഹോമിലാണ് ജോലിചെയ്തിരുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്രൂക്ക്‌സിന്റെ കാറില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായ ഒരു ഉപകരണം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ ഇത് പരിശോധിച്ചുവരികയാണ്. പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്താനും ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എ.ആര്‍. സെമി ഓട്ടോമാറ്റിക്ക് റൈഫിള്‍ ഉപയോഗിച്ചാണ് ക്രൂക്ക്‌സ് വെടിയുതിര്‍ത്തതെന്ന് എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. പ്രതിയുടെ പിതാവാണ് തോക്ക് വാങ്ങിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇതിന് ലൈസന്‍സുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതിനിടെ, ക്രൂക്ക്‌സിന് മാനസികപ്രശ്‌നങ്ങളുള്ളതായുള്ള സൂചനകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് സൈനികബന്ധങ്ങളില്ലെന്ന് പെന്റഗണ്‍ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല