1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2024

സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് ഇരുപതുകാരന്‍. ബെതല്‍ പാര്‍ക്കില്‍ നിന്നുള്ള തോമസ് മാത്യു ക്രൂക്ക്‌സ് എന്ന യുവാവാണ് ട്രംപിന് നേരെ വെടിവച്ചത് എന്നാണ് സീക്രട്ട് സെര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. വധശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. എന്നാൽ, താൻ ട്രംപിനും റിപ്പബ്ലിക്കൻസിനും എതിരാണെന്ന് പ്രഖ്യാപിക്കുന്ന തോമസ് മാത്യുവിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.

പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 6.45-ന് ട്രംപിന് നേരെ വധശ്രമമുണ്ടായത്. വലതു ചെവിയുടെ മുകള്‍ വശത്ത് പരുക്കേറ്റ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാണത്തിന് ഒരുക്കിയിരുന്ന വേദിക്ക് സമീപത്തുള്ള മാനുഫാക്ചറിങ് പ്ലാന്റിന് മുകളില്‍ നിന്നാണ് ഇയാള്‍ വെടിയുതിര്‍ത്ത് എന്നാണ് വിവരം.

സ്റ്റേജിന് 130 അടി അകലത്തിലാണ് ഈ കെട്ടിടം. ഇയാളുടെ പക്കല്‍ നിന്ന് ഒരു എ-ആര്‍ സ്റ്റൈല്‍ റൈഫിള്‍ പിടിച്ചെടുത്തിട്ടുണ്ട്. റാലി നടന്ന സ്ഥലത്ത് നിന്ന് 64 കിലോമീറ്റര്‍ മാറിയാണ് ബെതല്‍ പാര്‍ക്കെന്ന സ്ഥലം. ഇയാള്‍ മാത്രമാണോ കൃത്യം ആസൂത്രണം ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ സാധിക്കില്ലെന്നാണ് എഫ്ബിഐ പറയുന്നത്. ഇയാളുടെ പശ്ചാത്തലങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപുമായി ആശയവിനിമയം നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. പെന്‍സില്‍വാനിയ ഗവര്‍ണറുമായും ബൈഡന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഞായറാഴ്ച രാവിലെ വൈറ്റ് ഹൗസില്‍ എത്തുന്ന ബൈഡനോട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

ട്രംപിന് എതിരായ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. ”പെന്‍സില്‍വാലിയയിലെ റാലിക്കിടെ ഡോണാള്‍ട് ട്രംപിന് വെടിയേറ്റതായി വിവരം ലഭിച്ചു. അദ്ദേഹം സുരക്ഷിതനാണെന്ന കാര്യത്തില്‍ ആശ്വാസമുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇത്തരം ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല. ഈ ആക്രമണത്തെ അപലപിക്കാന്‍ അമേരിക്ക ഒറ്റക്കെട്ടായി നില്‍ക്കും”, അദ്ദേഹം കുറിച്ചു.

അതേസമയം, ട്രംപിന് എതിരായ ആക്രമണത്തെ അപലിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. തന്റെ സുഹൃത്ത് ഡോണാള്‍ഡ് ട്രംപിന് നേരെ നടന്ന ആക്രണത്തില്‍ ആശങ്കയുണ്ടെന്ന് മോദി എക്‌സില്‍ കുറിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്നും മോദി കുറിച്ചു.

വേദിയിലെത്തി സംസാരിക്കാന്‍ തുടങ്ങവെയാണ് ട്രംപിന് വെടിയേറ്റത്. വെടിയേറ്റ ട്രംപ് നിലത്തുവീഴുന്നതിന്റേയും അദ്ദേഹത്തെ സംഭവ സ്ഥലത്ത് മാറ്റുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വലതു ചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയേറ്റതെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്തില്‍ ട്രംപ് അറിയിച്ചു. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.

https://x.com/sentdefender/status/1812300234241757274

https://x.com/sentdefender/status/1812300234241757274

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.