1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2024

സ്വന്തം ലേഖകൻ: മലയാളികള്‍ ഏറെ ആകാംഷയോടെയും പ്രയാസത്തോടെയും കാത്തിരുന്ന വാഹനാപകട കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ മലയാളി യുവതി സീന ചാക്കോയ്ക്ക് നാലുവര്‍ഷത്തെ ജയില്‍ ശിക്ഷ. അപകടം ഉണ്ടായ സാഹചര്യത്തില്‍ യുവതിയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചു പേരോ ചിത്രമോ നല്‍കാതെയാണ് ബ്രിട്ടീഷ് മലയാളി വാര്‍ത്ത നല്‍കിയിരുന്നത്.

പക്ഷെ ഇന്നലെ കോടതി വിധി കാത്തു പ്രാദേശിക മാധ്യമങ്ങളും മറ്റും കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ വിധി വന്ന ഉടന്‍ തന്നെ അതീവ പ്രാധാന്യത്തോടെ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അതീവ പ്രാധാന്യത്തോടെയുള്ള റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ മലയാളികള്‍ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളുടെ ലിങ്കും ചെഷയര്‍ പോലീസിന്റെ പത്രക്കുറിപ്പും ഒക്കെ വലിയ തോതില്‍ ഷെയര്‍ ചെയ്യുകയാണ്.

അതേസമയം സീനയ്ക്ക് ലഭിച്ച ശിക്ഷ വിധി സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. സൈക്കിള്‍ യാത്രക്കാരിയെ ഇടിച്ചിട്ടു നിര്‍ത്താതെ പോകുകയും കാറില്‍ കുടുങ്ങിയ നിലയില്‍ സൈക്കിളുമായി മുന്നോട്ടു പോയ സീനയുടെ കാറിനെ പുറകെ എത്തിയ ഡ്രൈവര്‍ ചേസ് ചെയ്തു നിര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍ നാലുവര്‍ഷം എന്നത് വളരെ കുറഞ്ഞ ശിക്ഷയായി പോയി എന്നാണ് സംഭവം നടന്ന പ്രദേശത്തെ നാട്ടുകാരുടെ ആദ്യ പ്രതികരണം. ശിക്ഷ വിധി പ്രസിദ്ധപ്പെടുത്തിയ പ്രാദേശിക മാധ്യമങ്ങളുടെ കമന്റ് കോളങ്ങളില്‍ ഇത് വ്യക്തവുമാണ്. എന്നാല്‍ നാലു വര്‍ഷത്തെ ശിക്ഷ എന്നത് ആശ്വാസത്തോടെയാണ് മലയാളികള്‍ കാണുന്നത്.

നാലു മക്കളുള്ള അമ്മയായ സീനയ്ക്ക് ഏറ്റവും വേഗത്തില്‍ പുറത്തിറങ്ങാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയില്‍ ആയിരുന്നു അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍. സീനയുടെ ഭര്‍ത്താവിന് മക്കളെ സംരക്ഷിക്കാന്‍ നിയമപരമായി സാധികാത്ത സാഹചര്യത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് കുട്ടികളുടെ തുടര്‍ സംരക്ഷണവും വലിയ ചോദ്യ ചിഹ്നമായി മാറിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാകണം കോടതി കുറഞ്ഞ ശിക്ഷ നല്‍കിയത് എന്ന അനുമാനമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

അപകടം ഉണ്ടായ ആദ്യ പകപ്പില്‍ കാര്‍ നിര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടിരുന്നു എന്ന് 42കാരിയായ സീന കോടതിയില്‍ സമ്മതിച്ചിരുന്നു. ഗള്‍ഫില്‍ തരക്കേടില്ലാത്ത ജീവിതം നയിച്ചിരുന്ന സീനയും കുടുംബവും മറ്റു മലയാളികളെ പോലെ തന്നെ മക്കളുടെ സുരക്ഷിത ഭാവിയോര്‍ത്താണ് യുകെയിലേക്ക് കെയര്‍ വീസയില്‍ ജോലിക്കെത്തിയത്.

എന്നാല്‍ പരിചിതമല്ലാത്ത ജോലി സാഹചര്യവും ജീവിത ചുറ്റുപാടുകളും അനേകം കുടുംബങ്ങളില്‍ പ്രയാസകരമായ സാഹചര്യമാണ് സൃഷ്ടിച്ചത് എന്നതിന്റെ നേര്‍ ദൃഷ്ടാന്തമാണ് സീനയുടെ ഇന്നത്തെ അവസ്ഥ. യുകെയിലെ നിയമ സംവിധാനങ്ങള്‍ പരിചിതമാകും മുന്‍പ് കുടുംബ പ്രശ്‌നങ്ങള്‍ പോലീസിലും കോടതിയിലും എത്തിയതോടെ എണ്ണമില്ലാത്ത വിധം മലയാളി കുടുംബങ്ങള്‍ ഇപ്പോള്‍ ഒരു നെരിപ്പോട് കണക്കെ കഴിയുകയാണ്.

കേസിനെ തുടര്‍ന്ന് അറസ്റ്റില്‍ ആയതു മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന സീനയ്ക്ക് ഈ മാസം 21 (വ്യാഴാഴ്ച) നാണു ചെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. തുടക്കത്തില്‍ പോലീസ് നിസാര കുറ്റം ചുമത്തിയാണ് കേസ് ചാര്‍ജ് ചെയ്തതെങ്കിലും അപകടത്തെ തുടര്‍ന്ന് 62കാരിയായ എമ്മ സ്മോള്‍വൂഡ് നാലു ദിവസത്തെ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുക ആയിരുന്നു. സെപ്റ്റംബര്‍ 14നാണു കേസിന് ആസ്പദമായ അപകടം സംഭവിക്കുന്നത്.

സെപ്റ്റംബര്‍ 17 നാണു എമ്മയുടെ മരണം സംഭവിക്കുന്നത്. ഇതോടെ പോലീസ് ഗുരുതര വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് കേസ് കോടതിയില്‍ എത്തിച്ചത്. എമ്മ സ്മോളിവുഡിന്റെ മരണത്തെ തുടര്‍ന്നുള്ള ഇന്‍ക്വസ്റ്റ് അടുത്ത വര്‍ഷം ഏപ്രില്‍ 20 വാറിംഗ്ടണ്‍ കൊറോണര്‍ കോടതിയില്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യാനാകും എന്ന കാര്യവും കോടതി നിരീക്ഷിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.