1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2025

സ്വന്തം ലേഖകൻ: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. നാട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു സന്ദര്‍ശനം. സൗദി അറേബ്യയില്‍നിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ റഹീം ബന്ധുവീട്ടില്‍ പോയ ശേഷം നേരെ പോയത് മകന്‍ അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനായിരുന്നു.

റഹീമിനെ ഷെമീന തിരിച്ചറിഞ്ഞു കൈയില്‍ പിടിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പൂര്‍ണ്ണമായും സംസാരിക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല ഷെമീന, അതുകൊണ്ട് തന്നെ വാക്കുകള്‍ പുറത്ത് വരാത്ത സ്ഥിതിയുണ്ട്. കൊല്ലപ്പെട്ട ഇളയമകനെ അന്വേഷിച്ച ഷമീനയോട് എന്ത് മറുപടി പറയണമെന്നറിയാതെ ഉള്ളുലഞ്ഞ റഹീമിനും വാക്കുകള്‍ പുറത്ത് വന്നില്ല. നടന്ന സംഭവങ്ങളുടെ പൂര്‍ണ്ണ വിവരം ഷെമീനയെ ഇതുവരെ അറിയിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു റഹീമിന്റെ സന്ദര്‍ശനം.

തുടര്‍ന്ന് ഉറ്റവരെ തേടിയുള്ള റഹീമിന്റെ യാത്ര പാങ്ങോട് ഖബറിസ്ഥാനിലേക്കായിരുന്നു. ഇളയ മകനും ഉമ്മയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയേയും ഇവിടെയാണ് ഖബറടിക്കിയിരുന്നത്. അവിടെ പ്രാര്‍ഥന നടത്തിയ റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങി.

വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റഹീം തിരിച്ചത്. റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. പലതരം പ്രശ്‌നങ്ങള്‍ ഒന്നിച്ചെത്തിയപ്പോള്‍ എല്ലാം നഷ്ടമായി. സാമ്പത്തിക-നിയമ പ്രശ്‌നങ്ങളില്‍ കുടുങ്ങിനില്‍ക്കുന്നതിനിടെയാണ് നാട്ടില്‍ റഹീമിനെ കാത്ത് മറ്റൊരു ദുരന്തം വന്നുചേര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.