സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡിങിൽ ഇന്ത്യൻ റസ്റ്ററന്റ് മാനേജരായി ജോലി ചെയ്തിരുന്ന വിഘ്നേഷ് പട്ടാഭിരാമന്റെ (36) കൊലപാതകത്തിൽ പാക് വംശജനായ ഒരാൾക്ക് 21 വർഷത്തെ ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. പ്രതിയെ സഹായിച്ച മറ്റൊരാൾക്ക് 4 വർഷത്തെ തടവ് ശിക്ഷ ലഭിക്കും. പാക് വംശജനായ ഷാസേബ് ഖാലിദ് ( 25) ആണ് 21 വർഷം ജയിലിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. റെഡിങ് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരിട്ട് പങ്കില്ലങ്കിലും കുറ്റവാളിയായ ഷാസേബിനെ സഹായിച്ച സോയ്ഹീം ഹുസൈന് (27) 4 വർഷം തടവ് ശിക്ഷ ലഭിക്കും. ഫെബ്രുവരി 14–ന് റെഡിങിലെ അഡിംഗ്‌ടൺ റോഡിൽ വച്ചായിരുന്നു കൊലപാതകം. വാഹനാപകടത്തിലൂടെ ആയിരുന്നു കൊലപാതകം. തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്നാണ് പട്ടാഭിരാമൻ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് ഫെബ്രുവരി 19–ന് ഷാസേബ് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കുറ്റം ചുമത്തുകയും ചെയ്തു.
സഹായിയായ ഹുസൈനെ ഫെബ്രുവരി 28–ന് അറസ്റ്റ് ചെയ്യുകയും 29–ന് കുറ്റം ചുമത്തുകയും ചെയ്തു. ഷാസേബ് ഖാലിദിന് ലഭിച്ച നീണ്ട ശിക്ഷയിൽ സന്തുഷ്ടനാണെന്ന് കേസ് അന്വേഷിച്ച മേജർ ക്രൈം യൂണിറ്റിലെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ സ്റ്റുവർട്ട് ബ്രാങ്‍വിൻ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ നിയമിച്ച ഒരു റസ്റ്ററന്റിനെക്കുറിച്ച് അന്വേഷണം നടത്താൻ പ്രേരിപ്പിച്ചതിന് വിഘ്നേഷ് പട്ടാഭിരാമൻ ഉത്തരവാദി ആണെന്ന വിശ്വാസത്തിലായിരുന്നു കൊലപാതകമെന്ന് സ്റ്റുവർട്ട് ബ്രാങ്‍വിൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല