സ്വന്തം ലേഖകൻ: സൗദിയിലെ പ്രൈമറി, മിഡിൽ തല സ്കൂളുകളിൽ കൃത്രിമശീതള പാനീയങ്ങളും, എനർജിപാനീയങ്ങളും വിദ്യാർഥികൾക്ക് നൽകുന്നത് നിരോധിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനായ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഭക്ഷണപാനീയങ്ങളടക്കമുള്ളവയിൽ നിരവധി നിയന്ത്രണങ്ങളും നിരോധനവും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൈമറി വിദ്യാർഥികൾക്ക് ഒരു സ്കൂൾ ദിവസം 1500 കലോറിയിൽ കൂടാത്ത ഭക്ഷണവും നൽകണമെന്നും മിഡിൽ, സെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്ക് പരമാവധി 2000 കലോറി വരെയുള്ള ഭക്ഷണം നൽകാം എന്നുമാണ് നിർദ്ദേശം.
കുട്ടികൾക്ക് സ്കൂളിലേക്ക് ബാഷ്പീകരിച്ച പാൽ, കണ്ടൻസ്ഡ് മിൽക്ക്, ഫ്ലേവർഡ് മിൽക്ക് എന്നിവ കൊടുത്തുവിടാൻ പാടില്ലെന്നും നിർദ്ദേശം. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, എനർജി ഡ്രിങ്ക്‌സ്, പലതരം ശീതളപാനീയങ്ങൾ, ഫ്ലേവർഡ് വിറ്റാമിനുകൾ, സ്‌പോർട്‌സ് പാനീയങ്ങൾ, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങൾ, തണുത്ത ചായ, ജ്യൂസുകൾ എന്നിവ സ്കൂളുകളിൽ നിരോധിക്കുന്നതായും ഗൈഡൻസ് വ്യക്തമാക്കുന്നു.
ചുവന്ന മാംസം, കരൾ, വെളുത്ത മാംസം, കോഴി, മത്സ്യം തുടങ്ങിയ എല്ലാത്തരം മാംസങ്ങൾക്കും പുറമേ, പ്രാഥമിക, ഇന്റർമീഡിയറ്റ് തലങ്ങളിൽ കാപ്പിയും ചായയും നിരോധിനത്തിൽ ഉൾപ്പെടും. കൂടാതെ ബാഷ്പീകരിച്ച പാലും കൃത്രിമ രുചികളോ നിറങ്ങളോ ഉള്ള പാലും ഒഴിവാക്കണമെന്നും അറിയിച്ചു. സോസേജുകളും സംസ്കരിച്ചതും തണുപ്പിച്ചതും ചൂടാക്കി ഉപയോഗിക്കാവുന്നതുമായ മാംസങ്ങളും സ്കൂൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്.
പ്രകൃതിദത്ത സ്വാഭാവിക പഴച്ചാറുകൾ അനുവദനീയമാണ്, സോഡ പോലുള്ള കാർബണേറ്റഡ് വെള്ളവും രുചിയുള്ള കുടിവെള്ളവും നിരോധിച്ചിരിക്കുന്നു. കരാറുകാരൻ നൽകുന്ന ഈന്തപ്പഴം സൗദിയുടേതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്കൂൾ കാന്റീൻ, കഫറ്റീരിയകളിലെ തൊഴിലാളികൾക്കുള്ള വ്യവസ്ഥകളിൽ, ജോലി ആരംഭിക്കുന്നതിന് മുമ്പ്തന്നെ എല്ലാ തൊഴിലാളികൾക്കും മെഡിക്കൽ പരിശോധന നൽകാൻ കരാറുകാരൻ ബാധ്യസ്ഥനാണെന്നും പറുയുന്നു. കോൺട്രാക്ടറുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്ത്രീ-പുരുഷ തൊഴിലാളികൾ, ശരീര ശുചിത്വം, ശിരോവസ്ത്രം ധരിക്കുക, ഭക്ഷണം തയാറാക്കുമ്പോൾ കയ്യുറകൾ ധരിക്കുക തുടങ്ങിയ ഭക്ഷ്യ സേവന മേഖലയിൽ അംഗീകരിക്കപ്പെട്ട ആരോഗ്യ സാഹചര്യങ്ങൾ പാലിക്കുക എന്നിവയും കർശനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല