1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2017

സ്വന്തം ലേഖകന്‍: സഹകരണ ബാങ്കുകളില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പിന്റെ കത്ത്. നോട്ടു നിരോധനത്തിനുശേഷം രാജ്യത്തെ ഒട്ടേറെ സഹകരണ ബാങ്കുകളുടെ കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും പഴയ നോട്ടുകള്‍ മാറുന്നതിന്റെ മറവില്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയെന്നും റിസര്‍വ് ബാങ്കിന് ആദായ നികുതി വകുപ്പ് അയച്ച കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയിലെയും പുനെയിലെയും രണ്ടു ബാങ്കുകളിലെ ക്രമക്കേട് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 113 കോടിയുടെ പഴയനോട്ടുകള്‍ കിട്ടിയെന്ന പെരുപ്പിച്ച കണക്കാണ് ഈ ബാങ്കുകള്‍ നല്‍കിയത്. 242 കോടിയുടെ പഴയനോട്ടുകള്‍ കിട്ടിയെന്നായിരുന്നു ആര്‍.ബി.ഐയ്ക്കു പുനെ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥത്തില്‍ 141 കോടിയുടെ കറന്‍സിയാണുണ്ടായിരുന്നത്. 2016 ഡിസംബര്‍ 23 നു റിസര്‍വ് ബാങ്കിനു നല്‍കിയ കണക്കില്‍ 101.07 കോടി അധികമായി ഈ സഹകരണബാങ്ക് കാണിച്ചു. ഇതുപോലെ മുംബൈ ബാങ്ക് 11.89 കോടിയുടെ കള്ളപ്പണം മാറ്റിയെടുത്തതായി ആദായനികുതി വകുപ്പ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നോട്ട് നിരോധനത്തെത്തുടര്‍ന്നു വകുപ്പ് ഈ ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ പഴയ നോട്ടിന്റെ കണക്ക് റിസര്‍വ് ബാങ്കിനു നല്‍കിയതില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ആള്‍വാര്‍ ടൗണിെല ഒരു ബാങ്ക് വായ്പയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായും കത്തിലുണ്ട്. സംശയകരമായ 90 വ്യക്തികള്‍ക്കു ഡയറക്ടര്‍മാര്‍ വഴിവിട്ട് എട്ടുകോടിയുടെ വായ്പ നല്‍കിയാണു ക്രമക്കേട് കാട്ടിയത്. ഇത്തരം നിരവധി അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ആദായനുകുതി വകുപ്പ് പറയുന്നത്.

പഴയനോട്ട് മാറാവുന്ന അവസാന ദിനമായ കഴിഞ്ഞ ഡിസംബര്‍ 30 കഴിഞ്ഞും വന്‍തോതില്‍ പഴയനോട്ട് വാങ്ങി പുതിയനോട്ടുകള്‍ മാറിക്കൊടുത്തിട്ടുണ്ടെന്നും ഇത്തരം ക്രമക്കേട് നടത്താനുള്ള സാധ്യതയെക്കുറിച്ച് റിസര്‍വ് ബാങ്കിനെ നേരത്തേ അറിയിച്ചിരുന്നെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നീക്കം മുന്നില്‍ക്കണ്ട് കഴിഞ്ഞ ഡിസംബര്‍ 30 വരെ ലഭിച്ച പഴയ നോട്ടുകള്‍ ആര്‍.ബി.ഐയുടെ നോട്ട് ചെസ്റ്റില്‍ പിറ്റേദിവസം നിക്ഷേപിക്കണമെന്നും മാസാവസാന ദിവസത്തെ കറന്‍സി നീക്കിയിരിപ്പില്‍ പഴയ നോട്ട് ഉള്‍പ്പെടുത്തരുതെന്നും എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

നവംബര്‍ എട്ടിനു നോട്ട് അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയതു വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമായി സഹകരണബാങ്കുകള്‍ വിനിയോഗിച്ചെന്നും ആദായനികുതി വകുപ്പിന്റെ കത്തിലുണ്ട്. സമാനമായ സംഭവങ്ങള്‍ പല സഹകരണ ബാങ്കുകളിലും നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ധനമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംശയാസ്പദമായ പേരുകളില്‍ വായ്പ നല്‍കിയതായും തിരിച്ചടച്ചതായും വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.