സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീന തട്ടിമുട്ടി സെമിയില്‍ കടന്നു. കടുത്ത വെല്ലുവിളിയുയര്‍ത്തിയ കൊളംബിയ പുറത്താകുകയും ചെയ്തു. കൊളംബിയന്‍ കളിക്കാര്‍ തീര്‍ത്ത പ്രതിരോധത്തിന്റെ വന്മതിലില്‍ തട്ടി മടങ്ങിയ കണക്കില്ലാത്ത അവസരങ്ങള്‍ക്കും ഷൂട്ടൗട്ടിനും സഡന്‍ ഡത്തിനും ശേഷമാണ് അര്‍ജന്റീന ഒരുവിധം സെമിയില്‍ കടന്നത്.
നിശ്ചിത 90 മിനുറ്റിലും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാത്ത മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കുകളില്‍ ഇരു ടീമുകളും നാല് വീതം ഗോളുകള്‍ നേടിയപ്പോള്‍ വീണ്ടും അനിശ്ചിതത്തമായി. ഒടുവില്‍ സഡന്‍ ഡത്തില്‍ ടവെസ് അര്‍ജന്റീനയുടെ രക്ഷകനാവുകയായിരുന്നു. സഡന്‍ഡെത്തിലെ മൂന്നാം അവസരത്തിലാണ് ടവെസ് ഗോള്‍ നേടി അര്‍ജന്റീനയുടെ മാലാഖയായത്.
സഡന്‍ ഡെത്തിലെ അര്‍ജന്റീനയുടെ ആദ്യ രണ്ട് അവസരങ്ങള്‍ ലൂക്കസ് ബിഗ്ലിയയും മാര്‍ക്കോസ് റോജയും പാഴാക്കിയിരുന്നു. മത്സരത്തിന്റെ 90 മിനുറ്റും ആധിപത്യം പുലര്‍ത്തിയിട്ടും ലോകത്തെ ഏറ്റവും മൂര്‍ച്ചയുള്ള ആക്രമണ നിരയുണ്ടായിട്ടും ഗോള്‍ മാത്രം അര്‍ജന്റീനയ്ക്ക് നേടാനായില്ല. കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയാണ് അര്‍ജന്റീനയുടെ ആര്‍ത്തലച്ചുവന്ന ആക്രമണത്തെ പലപ്പോഴും ഒറ്റയ്ക്കു തടഞ്ഞത്. ഗോളിയേയും മറികടന്നു പോയ ചില ഷോട്ടുകള്‍ പ്രതിരോധക്കാര്‍ തട്ടിയകറ്റുകയോ ഗോള്‍പോസ്റ്റ് വഴിതിരിച്ചുവിടുകയോ ചെയ്തു.
അര്‍ജന്റീനയുടെ സമ്പൂര്‍ണ്ണാധിപത്യമായിരുന്നു ആദ്യ പകുതിയില്‍. ഇരുപതാം മിനുറ്റില്‍ അഗ്യൂറോയും മെസിയും കൊളംബിയന്‍ ബോക്‌സില്‍ വീണെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല. രണ്ടാം പകുതിയില്‍ ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ കൊളംബിയ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരേയൊരു തവണ മാത്രമാണ് പന്ത് അര്‍ജന്റീനയുടെ ഗോളി റൊമേറോയെ തേടിയെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല