സ്വന്തം ലേഖകന്‍: ഗോള്‍ മഴ, പാരഗ്വേയെ കഴുകിത്തുടച്ച് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം. അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഉണര്‍ന്നു കളിച്ചപ്പോള്‍ പാരഗ്വേ താരങ്ങള്‍ക്ക് മൈതാനത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കാനായിരുന്നു വിധി. ഡി മരിയ രണ്ടും റോജോ, പാസ്‌തോര്‍, അഗ്യറോ, ഹിഗ്വയ്ന്‍ എന്നിവര്‍ ഓരോ ഗോളുമാണ് നേടിയത്.
ഗ്രൂപ്പിലെ ആദ്യ കളിയില്‍ നിന്ന് പാഠം പഠിച്ചാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഗ്രൂപ്പ് തലത്തിലെ ആദ്യ കളിയില്‍ തന്നെ പാരഗ്വായ്‌ക്കെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചു വാങ്ങി സമനിലയുമായി മടങ്ങേണ്ടിവന്ന നാണക്കേട് തീര്‍ക്കുന്നതായിരുന്നു അര്‍ജന്റീനയുടെ ജയം.
കളി തുടങ്ങി 15 മത്തെ മിനിറ്റില്‍ തന്നെ ആദ്യ ഗോളടിച്ച് അര്‍ജന്റീന അക്കൗണ്ട് തുറന്നു. നായകന്‍ ലയണല്‍ മെസിയെടുത്ത കിക്ക് മാര്‍ക്കോസ് റോജോ സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. മെസിയും സംഘവും തുടരെ പാരഗ്വായ് ഗോള്‍മുഖത്ത് ആക്രമണം തുടങ്ങിയതോടെ മല്‍സരത്തിന്റെ വേഗതയും കൂടി.
മെസിയായിരുന്നു എല്ലാ നീക്കങ്ങള്‍ക്കും അമരക്കാരന്‍. മെസി ഫോമിലേക്ക് ഉയര്‍ന്നതോടെ സഹതാരങ്ങളുടെ നീക്കങ്ങള്‍ക്കും വേഗത കൂടി. 27 മത്തെ മിനിറ്റില്‍ മെസിയില്‍ നിന്ന് ലഭിച്ച പാസ് ഹാവിയര്‍ പാസ്‌തോര്‍ പാരഗ്വയ് വലയിലെത്തിച്ചതൊടെ അര്‍ജന്റീനയുടെ ലീഡ് രണ്ടായി ഉയര്‍ന്നു. ഇതിനിടെ പരുക്കേറ്റ പാരഗ്വയുടെ ഡെര്‍ലിസ് ഗോണ്‍സാലസും സാന്റാ ക്രൂസും മടങ്ങി.
തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കുമ്പോഴാണ് 43 മത്തെ മിനിറ്റില്‍ ബ്രൂണോ വാല്‍ഡെസ് നല്‍കിയ പാസില്‍ നിന്ന് ലൂകാസ് ബാരിയോസ് പാരഗ്വയുടെ മറുപടി ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ അര്‍ജന്റീനയുടെ രണ്ടു ഗോളും മരിയയുടെ കാലില്‍ നിന്നായിരുന്നു. 47 മത്തെ മിനിറ്റില്‍ രണ്ടാം ഗോളടിച്ച ഹാവിയര്‍ പാസ്‌തോര്‍ നല്‍കിയ പാസ് ഡി മരിയ വലയിലെത്തിച്ചു.
തുടര്‍ന്ന് ആറു മിനിറ്റിനകം ഡി മരിയ വീണ്ടും വെടി പൊട്ടിച്ചു. 53 മത്തെ മിനിറ്റില്‍ മെസിയുടെ മുന്നേറ്റത്തില്‍ നിന്നു കിട്ടിയ പന്തു ഡി മരിയ വലയിലെത്തിച്ചു. പിന്നീട് ഗോള്‍ മഴയായിരുന്നു. 80 മത്തെ മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും 83 മത്തെ മിനിറ്റില്‍ ഹിഗ്വയ്‌നും ഗോള്‍ നേടിയതോടെ പരാഗ്വേ മടക്കത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
14 തവണ കോപ്പ കിരീടം നേടിയിട്ടുള്ള അര്‍ജന്റീനയെ ഫൈനലില്‍ കാത്തിരിക്കുന്നത് ആതിഥേയരായ ചിലിയും മൈതാനും നിറയുന്ന കാണികളുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല