സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ യുറുഗ്വാക്കെതിരെ അര്‍ജന്റീന കഷ്ടിച്ച് രക്ഷപ്പെട്ടു. കളിയുടെ 56 മത്തെ മിനുറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഒരു ഗോളിനാണ് അര്‍ജന്റീന രക്ഷപ്പെട്ടത്. യുറുഗ്വാക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒരു ഗോള്‍ നേടാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നത് ആരാധകരെ മുഷിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന പേരുമായി കളത്തിലിറങ്ങിയ അര്‍ജന്റീന യുറുഗ്വായ്‌ക്കെതിരെ വന്‍ ജയം നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അര്‍ജന്റീനയുടെ മുന്‍നിരയെ പ്രതിരോധിക്കുന്നതില്‍ യുറുഗ്വായ് വിജയിച്ചതോടെ ഗോളുകളുടെ എണ്ണം കുറഞ്ഞു.
നായകന്‍ മെസ്സിയേയും ഡി മരിയയേയും യുറുഗ്വായ് വിദഗ്ദമായി പൂട്ടിയിട്ടു. 82 മത്തെ മിനുറ്റില്‍ മെസിയുടെ നീക്കം യുറുഗ്വാന്‍ ഗോള്‍കീപ്പര്‍ ഏറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്. അവസാന മിനുറ്റുകളില്‍ സമനിലയ്ക്കായി യുറുഗ്വായ് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ആദ്യ പകുതിയില്‍ യുറുഗ്വേയ്ന്‍ ഗോള്‍ മുഖത്ത് മെസിയും സംഘവും നിരവധി തവണ ആക്രണം നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. മുന്‍നിര താരങ്ങളുടെ നീക്കങ്ങളെല്ലാം യുറുഗ്വായ്ന്‍ പ്രതിരോധ ശക്തിക്കു മുന്നില്‍ തട്ടി മടങ്ങി.
ആദ്യ കളിയില്‍ പാരഗ്വയ്‌ക്കെതിരെ സമനില വഴങ്ങേണ്ടി വന്ന അര്‍ജന്റീനക്ക് ഈ വിജയത്തോടെ നാലു പോയിന്റായി. അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതെത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല