സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീലിന് പെറുവിന്റെ വക ഔദാര്യ ജയം. പെറുവിനെതിരെ ഒരു ഗോള്‍ വ്യത്യാസത്തില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബ്രസീല്‍. ലോകകപ്പിലെ തോല്‍വിക്ക് ശേഷം മറ്റൊരു നാണക്കേടുലേക്കെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ബ്രസീലിന്റെ കളി.
കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി പെറു ബ്രസീലിനെ ഞെട്ടിച്ചു. ക്രിസ്റ്റ്യാന്‍ കൂവയാണ് ഗോള്‍ നേടിയത്. ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്ന് കിട്ടിയ പന്താണ് കൂവ സുന്ദരമായി മഞ്ഞപ്പടയുടെ വലയിലെത്തിച്ചത്. ലോകകപ്പ് സെമിയിലെ ബ്രസീലിന്റെ പ്രതിരോധനിരയെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ആദ്യഗോള്‍ വീണ നിമിഷങ്ങള്‍.
തൊട്ടുപിന്നാലെ ബ്രസീലിന്റെ സമനില ഗോളും പിറന്നു. അഞ്ചാം മിനിറ്റില്‍ നെയ്മറാണ് തിരിച്ചടിച്ചത്. ബ്രസീല്‍ ജേഴ്‌സിയില്‍ നെയ്മറുടെ നാല്പത്തിനാലാം ഗോള്‍. പിന്നീട് നിരവധി തവണ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
കളി തീരാന്‍ മിനുറ്റുകള്‍ അവശേഷിക്കേയാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. ഇഞ്ച്വറി ടൈമില്‍ ഡഗ്ലസ് കോസ്റ്റയാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. നെയ്മര്‍ നല്‍കിയ മികച്ചൊരു പാസില്‍ നിന്നാണ് കോസ്റ്റ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയതായിരുന്നു കോസ്റ്റ.
ഈ വിജയത്തോടെ ബ്രസീല്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടി. ഗ്രൂപ്പ് സിയില്‍ ബ്രസീലിനും വെനസ്വേലക്കും മൂന്നു പോയിന്റ് വീതമാണുള്ളത്. നെയ്മറായിരുന്നു കളിയിലെ താരം. നിരവധി അവസരങ്ങള്‍ തുലച്ചെങ്കിലും താന്‍ മികച്ചൊരു മാച്ച് വിന്നറാണെന്ന് നെയ്മര്‍ വീണ്ടും തെളിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല