സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. വെനസ്വേലയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീലിന്റെ ക്വാര്‍ട്ടറിലേക്കുള്ള വരവ്. ഒപ്പം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ കൊളംബിയയും പെറുവും ക്വാര്‍ട്ടറിലെത്തി.
ഇരു പകുതികളിലായി നേടിയ ഗോളുകളിലൂടെയായിരുന്നു വെനസ്വേലയെ മറികടന്നത്. നെയ്മറില്ലാതെ ഇറങ്ങിയ അവര്‍ ഒമ്പതാം മിനുറ്റില്‍ തിയേഗോ സില്‍വ നേടിയ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയില്‍ അമ്പത്തൊന്നാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടേതായിരുന്നു ഗോള്‍.
വെനസ്വേലന്‍ ഗോള്‍ മുഖത്ത് നിരന്തരം മുന്നേറ്റം നടത്തി ആക്രമണ ഫുട്‌ബോളാള് ബ്രസീല്‍ പുറത്തെടുത്തത്. എണ്‍പത്തിനാലാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു വെനസ്വേലയുടെ ആശ്വാസ ഗോള്‍. അരാംഗോയുടെ ഫ്രീകിക്ക് ബ്രസീല്‍ ഗോളി രക്ഷിച്ചെങ്കിലും റീബൗണ്ടില്‍ മിക്കു ഗോളടിച്ചു കയറ്റുകയായിരുന്നു.
വിരസമായ കളിക്കൊടുവിലാണ് കൊളംബിയയും പെറുവും ഗോള്‍രഹിത സമനിലയിലൂടെ ക്വാര്‍ട്ടറിലേക്കെത്തിയത്. ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോലും ഇരു ടീമുകളും മടിച്ചു നിന്നപ്പോള്‍ കളി പലപ്പോഴും പരുക്കനാകുകയും ചെയ്തു. കാണികളുടെ കൂക്കുവിളികള്‍ ഏറ്റുവാങ്ങിയാണ് ഇരു ടീമുകളും കളം വിട്ടത്.
ആദ്യ ക്വാര്‍ട്ടറില്‍ 24 ന് ചിലി ഉറുഗ്വെയെ നേരിടും. മറ്റു ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബൊളിവിയ പെറുവിനേയും അര്‍ജന്റീന കൊളംബിയേയും ബ്രസീല്‍ പരാഗ്വെയേയും നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല