സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വ്യത്യാസത്തില്‍ പെറുവിനെ കെട്ടുകെട്ടിച്ച് ചിലി ഫൈനലില്‍ കടന്നു. എഡ്വാര്‍ഡോ വര്‍ഗാസ് ചിലിക്കുവേണ്ടി വില പിടിച്ച രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ചിലിയുടെ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. ഇരുപതാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തു പേരുമായി കളിക്കേണ്ടി വന്ന പെറുവിനു ചിലിക്കെതിരെ വേണ്ടത്ര ആക്രമണം നടത്താനായില്ല.
42 മത്തെ മിനിറ്റിലായിരുന്നു എഡ്വാര്‍ഡോ വര്‍ഗാസിന്റെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ പ്രതിരോധത്തില്‍ ഊന്നിയ പെറു പലപ്പോഴും ആക്രമണം കൈവിട്ടു. എന്നാല്‍ സമ്പൂര്‍ണ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ചിലി പെറു ഗോള്‍മുഖത്ത് നിരന്തരം വെല്ലുവിളിയുയര്‍ത്തി. ആര്‍ത്തിരമ്പുന്ന സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളം നിറഞ്ഞു കളിക്കുകയായിരുന്നു ചിലിയുടെ താരങ്ങള്‍.
രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോളിലൂടെയാണ് പെറു സമനില പിടിച്ചത്. ചിലി മധ്യനിര താരം ഗാരി മെഡലില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍ മുഖത്ത് നിന്നു പന്തു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് അബദ്ധത്തില്‍ വലയില്‍ എത്തുകയായിരുന്നു. സമനിലയായതോടെ ഉണര്‍ന്നു കളിച്ച ചിലി സെല്‍ഫ് ഗോള്‍ വീണ് നാലു മിനിറ്റിനകം രണ്ടാം ഗോളുമടിച്ച് ലീഡുയര്‍ത്തി. 64 മത്തെ മിനിറ്റില്‍ ഗാരി മെഡല്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു എഡ്വാര്‍ഡോ വര്‍ഗാസിന്റെ രണ്ടാം ഗോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല