സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുറഗ്വായുടെ പടയോട്ടം അവസാനിച്ചു. യുറഗ്വായെ എതിരില്ലാത്ത ഒരു ഗോളിനു കീഴ്ടടക്കി ആതിഥേയരായ ചിലി സെമിയില്‍ കടന്നു. ആര്‍ത്തിരമ്പുന്ന ചിലിയുടെ ആരാധകര്‍ക്ക് മുന്നില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആതിഥേയര്‍ കളിയില്‍ സമ്പൂര്‍ണം മേധാവിത്തം പുലര്‍ത്തി.
എങ്കിലും ചാമ്പ്യന്മാരുടെ മികവ് പുറത്തെടുത്ത യുറഗ്വായ് ശക്തമായി പ്രതിരോധിച്ചതോടെ കളിയുടെ അവസാന നിമിഷം വരെ കാത്തിരുന്നിട്ടാണ് ചിലിക്ക് വിജയ ഗോള്‍ നേടാനായത്. അവസാന നിമിഷങ്ങളിലെ കൂട്ടപ്പൊരിച്ചിലില്‍ മൗറീഷ്യോ ഇസ്‌ലയാണ് വിജയഗോളടിച്ച് ചിലിയെ സെമിയിലേക്ക് രക്ഷപ്പെടുത്തിയത്.
81 മത്തെ മിനിറ്റില്‍ വല്‍ദിവിയയില്‍ നിന്നു കിട്ടിയ പാസ് ഇസ്‌ല സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതി അവസാനം ഒന്‍പത് പേരുമായി കളിക്കേണ്ടിവന്ന യുറഗ്വായ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചിലെ പ്രതിരോധത്തെ മറികടന്ന് ലക്ഷ്യം കാണാനായില്ല.
69 മത്തെ മിനുറ്റില്‍ എഡിന്‍സന്‍ കവാനി രണ്ട് മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പും കണ്ട് പുറത്തായതാണ് യുറഗ്വാക്ക് തിരിച്ചടിയായത്. തുടര്‍ന്ന് 88 മത്തെ മിനിറ്റില്‍ ജോര്‍ജെ ഫുസിലെയും ചുവപ്പു കാര്‍ഡ് വാങ്ങിയത് ഗോള്‍ തിരിച്ചടിക്കാമെന്ന യുറഗ്വായ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല