സ്വന്തം ലേഖകൻ: കൊറോണ ഭീതിയൊഴിഞ്ഞ ഒരു ലോകത്തെ സ്വപ്‌നം കാണുകയാണ് ഓരോ മനുഷ്യരും. കൊറോണ ജീവിതത്തിന്റെ ഭാഗമായെങ്കിലും മാസ്‌ക്കും സാനിറ്റൈസറും ഒന്നുമില്ലാത്ത ആ പഴയ ജീവിതം ഓരോരുത്തരുടേയും സ്വപ്‌നമാണ്. എന്നാലിപ്പോഴിതാ ആശങ്കപ്പെടുത്തുന്ന ഒരു പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ പുതിയ കൊറോണ വൈറസ് ഉത്ഭവിക്കുമെന്നാണ് പഠനം.
പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. സർവ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷക വിദ്യാർത്ഥികളാണ് പഠനം നടത്തിയത്. സാർസ് വൈറസിന്റെ വകഭേദമായ കൊറോണ വൈറസാണ് കൊറോണ മഹാമാരിയ്‌ക്ക് കാരണമായത്. SARS-coV-2 എന്ന വൈറസാണ് കൊറോണയ്‌ക്ക് കാരണം. ഈ വൈറസിന് സമാനമായ വൈറസുകളുമായി എലികൾ സമ്പർക്കം പുലർത്തുന്നുവെന്നാണ് പഠനം പറയുന്നത്.
മോളിക്യൂലാർ ബയോളജിസ്റ്റ് സീൻ കിംഗും കംപ്യൂട്ടർ ശാസ്ത്രജ്ഞൻ മോണോ സിംഗുമാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. പ്ലോസ് കംപ്യൂട്ടേഷണൽ ബയോളജി എന്ന ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എലികളിൽ കൊറോണ വൈറസ് പിടിപെടുമ്പോഴുള്ള സാദ്ധ്യതകളും ആശങ്കകളും പങ്കുവെയ്‌ക്കുകയാണ് ശാസ്ത്രലോകം.
കൊറോണ വൈറസ് വവ്വാലിൽ പിടിപെടുമ്പോൾ മനുഷ്യന് സമാനമായ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കുന്നില്ല. മികച്ച പ്രതിരോധ ശേഷി ഉള്ളതിനാലാണിത്. ഇത്തരത്തിൽ ലക്ഷണങ്ങൾ കാണിക്കാൻ ഇടയില്ലാത്ത മറ്റ് ജീവികളെ കണ്ടെത്താനുള്ള ഗവേഷണമാണ് എലികളിലെത്തിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല