സ്വന്തം ലേഖകൻ: കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ഒരു നഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. ജോലിക്കിടയില്‍ മാസ്‌ക് നിരന്തരം ധരിച്ചത് കാരണം മുറിവേറ്റ മുഖത്തിന്റെ ചിത്രം സഹിതമാണ് ഇവര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.
കുറിപ്പില്‍ ജോലിക്കിടയില്‍ താനനുഭവിക്കുന്ന മാനസികവും ശാരീരികവും ആയ പ്രശ്‌നങ്ങളും കൊവിഡ്-19 വല്ലാതെ ഭയപ്പെടുത്തുമ്പോഴും അവര്‍ എങ്ങനെ തന്റെ നഴ്‌സിംഗ് ജോലിയെ സ്‌നേഹിക്കുന്നു എന്നും പരാമര്‍ശിക്കുന്നു. മിലാനിലെ അലസിയ ബൊണാരി എന്ന നഴ്‌സാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ജോലിക്ക് പോവാന്‍ എനിക്ക് പേടിയുണ്ട്. മുഖത്ത് ധരിച്ചിരിക്കുന്ന മാസ്‌ക് മുഖത്തു ഉറച്ചു നില്‍ക്കില്ലേ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഉപയോഗിച്ച ഗ്ലൗസുകള്‍ അബദ്ധവശാല്‍ തൊട്ടുപോവുമോ അല്ലെങ്കില്‍ ലെന്‍സുകള്‍ എന്റെ കണ്ണുകള്‍ മുഴുവന്‍ മൂടിയിട്ടില്ലേ എന്നും ഞാന്‍ ആശങ്കപ്പെടുന്നു.
ഞാന്‍ ശാരീരികമായി തളര്‍ന്നിരിക്കുന്നു. കാരണം ഈ സുരക്ഷാ ഉപകരണങ്ങള്‍ കഠിനമാണ്. ഈ ലാബ് കോട്ട് കാരണം ഞാന്‍ വിയര്‍ക്കുന്നു. അത് ധരിച്ചാല്‍ പിന്നെ ആറു മണിക്കൂര്‍ നേരത്തേക്ക് ബാത്ത് റൂമില്‍ പോവാനോ വെള്ളം കുടിക്കാനോ പറ്റില്ല. ഞാന്‍ മാനസികമായും തളര്‍ന്നിരിക്കുന്നു. ആഴ്ചകളായി ഇതേ അവസ്ഥയില്‍ ജോലി ചെയ്യുന്ന എന്റെ സഹപ്രവര്‍ത്തകരും.
പക്ഷെ ഇതൊന്നും ഞങ്ങളെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കില്ല. ഞാന്‍ എന്റെ രോഗികളെ ശുശ്രൂഷിക്കുന്നത് തുടരും,” കാരണം ഞാനെന്റെ ജോലിയെ സ്‌നേഹിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു,’ അലസിയ ബെണാരി കുറിച്ചു.
ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന നിരവധി മെഡിക്കല്‍ ജീവനക്കാരാണ് ദിവസങ്ങളോളം തുടര്‍ച്ചയായി രോഗികളെ ചികിത്സിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല