സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവച്ചിരുന്ന മദ്യവിൽപ്പന സംസ്ഥാനത്ത് ഇന്ന് മുതൽ പുനഃരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴിയും ബാറുകൾ വഴിയും മദ്യം വിൽപ്പന ചെയ്യുന്നത്. ഇന്നലെ രാത്രി പത്ത് മണി മുതലാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമായത്.
പ്ലേ സ്റ്റോറിൽ ലഭ്യമായി മിനിറ്റുകൾക്കകം ആയിരകണക്കിന് ആളുകളാണ് ബെവ് ക്യൂ ഡൗൺലോഡ് ചെയ്തത്.ആപ്പ് 2,35,000 പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് ഫെയര്‍കോഡ് സി എഫ് ഒ നവീന്‍ ജോര്‍ജ് അറിയിച്ചു. മെയ് 27-ന് രാത്രിയാണ് ആപ്പ് റിലീസ് ചെയ്തത്. രാത്രി 10 മണി മുതല്‍ 12 മണിവരെ 1,82,000 പേരാണ് ബെവ്ക്യു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്.
ഇന്ന് രാത്രി 9 മണി വരെ ടോക്കണ്‍ നല്‍കുമെന്നും ബുധനാഴ്ച്ച ശ്രമിച്ചിട്ട് ടോക്കണ്‍ കിട്ടാത്തവര്‍ക്ക് ഇന്ന് ശ്രമിക്കാമെന്നും കമ്പനി അറിയിച്ചു. പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെങ്കിലും ഗൂഗിള്‍ ഇന്‍ഡെക്‌സ് ചെയ്യുന്നത് കുറച്ച് സമയമെടുക്കുമെന്നും ആ പ്രക്രിയ പൂര്‍ത്തിയായാല്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആപ്പ് ലഭിക്കുമെന്നും സി എഫ് ഒ പറഞ്ഞു.
വൈകിട്ട് അഞ്ച് മണി മുതൽ ആപ്ലിക്കേഷൻ ലഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും രാത്രി വൈകിയാണ് ആപ് ഡൗൺലോഡ് ചെയ്യാൻ സാധിച്ചത്. അതേസമയം, രജിസ്ട്രേഷനും ഏറെ കാത്തിരിക്കേണ്ടി വന്നു. പല തവണ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഒടിപി (വൺ ടൈം പാസ്‌വേഡ്) ഉപഭോക്താക്കൾക്ക് ലഭിച്ചത്. രാവിലെ ആറു മണി വരെയായിരുന്നു ബുക്കിങ് നടത്തുന്നതിനുള്ള സമയം.
ടോക്കണിലെ QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നൽകുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. അഞ്ച് പേരിൽ കൂടുതൽ കൗണ്ടറിന് മുന്നിൽ പാടില്ല എന്നാണ് നിർദേശം. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിലെത്തിയാൽ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഉപഭോക്താക്കള്‍ക്ക് ബെവ്ക്യൂ ആപ് വഴി മദ്യം വാങ്ങുന്നതിനുള്ള സമയം റിസര്‍വ് ചെയ്ത് സംസ്ഥാനത്തെ 301 ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴിയും 576 ബാറുകൾ വഴിയും മദ്യം വാങ്ങാൻ സാധിക്കും. മദ്യം വിതരണം ചെയ്യുമെങ്കിലും ബാർ ഹോട്ടലുകളിലിരുന്ന് കഴിക്കുന്നതിന് അനുവാദമില്ല. ബാറുകളിൽ പ്രത്യേകം കൗണ്ടർ വഴിയാണ് പാഴ്‌സല്‍ നല്‍കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ 291 ബിയർ വൈൻ പാർലറുകളിലൂടെ ബിയറും വൈനും പാഴ്സലായി നല്‍കും.
പ്ലേ സ്റ്റോറിൽ നിന്ന്ബെവ് ക്യൂ ആപ് ഡൗൺലോഡ് ചെയ്യാം. ഐഒഎസ് പ്ലാറ്റ്ഫോമിൽ ബെവ് ക്യൂ ആപ് ഇനിയും വൈകുമെന്ന് ഫെയർകോഡ് സിഇഒ രജിത്ത് രാമചന്ദ്രൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. നിലവിൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ബെവ് ക്യൂ ബീറ്റ വെർഷൻ ഇൻസ്റ്റാൾ ചെയ്തവർക്ക് ബീറ്റ വെർഷൻ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആപ് ഉപയോഗിച്ച് മദ്യം ബുക്ക് ചെയ്യാനാവൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല