സ്വന്തം ലേഖകൻ: വിമാനത്തില്‍ മധ്യത്തിലെ സീറ്റ് കഴിയുന്നത്ര ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ സീറ്റുകള്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ ഇത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു.
യാത്രക്കാരുടെ ബാഹുല്യം മൂലം മധ്യ സീറ്റില്‍ യാത്ര അനുവദിച്ചാല്‍ ഫെയ്സ് മാസ്കിനും ഷീല്‍ഡിനും പുറമേ കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം അംഗീകരിച്ച റാപ്പ് എറൗണ്ട് ഗൗണ്‍ കൂടി നല്‍കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു കുടുംബത്തിലെ ആളുകൾക്ക് ഒന്നിച്ചിരിക്കാമെന്നും നിർദേശത്തിൽ പറയുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ ശാരീരിക അകലം പാലിക്കുന്നതിന് വിമാനങ്ങളില്‍ മധ്യ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് അനിവാര്യമാണെന്ന് സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ സാമൂഹിക അകലം പ്രധാനമാണെന്നും വാണിജ്യ വിമാനക്കമ്പനികളുടെ ആരോഗ്യത്തേക്കാള്‍ പൗരന്മാരുടെ ആരോഗ്യത്തെക്കുറിച്ചാണ് സര്‍ക്കാര്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതെന്നും മെയ് 25-ന് നടന്ന ഒരു ഹിയറിംഗില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25-ന് പുനരാരംഭിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല