സ്വന്തം ലേഖകൻ: കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടേയും പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ണ്ണായക തീരുമാനം.
നേരത്തെ ഏപ്രില്‍ 30 വരെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് നീട്ടിവെച്ചിരുന്നത്. അത് ‘ഉചിതവും സുരക്ഷിതവുമായ സമയത്തേക്ക് 2019-20 സീസണ്‍ നീട്ടിവെച്ചിരിക്കുന്നു’ എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമായിരിക്കും പ്രീമിയര്‍ ലീഗിന്റെ തിരിച്ചുവരവ്. സീസണ്‍ നിലവിലെ അവസ്ഥയില്‍ വെച്ച് അവസാനിപ്പിക്കേണ്ടി വന്നാല്‍ പോലും അത്ഭുതപ്പെടാനില്ല എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
നിലവിലെ സീസണില്‍ പത്തു മത്സരങ്ങള്‍ വീതമാണ് ഓരോ ടീമിനും ഇനി കളിക്കാനുള്ളത്. രണ്ടാംസ്ഥാനക്കാരേക്കാള്‍ 25 പോയിന്റിന്റെ മുന്‍തൂക്കവുമായി അതിവേഗം കിരീടത്തിലേക്ക് ലിവര്‍പൂള്‍ കുതിക്കുന്നതിനിടെയായിരുന്നു കൊവിഡിന്റെ വരവ്. ഇനിയും രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ അപരാജിയ ലീഡ് നേടി അവര്‍ക്ക് കിരീടം നേടാനാകൂ.
വീഡിയോ കോണ്‍ഫറന്‍സിലൂടേയാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍ 20 ടീമുകളുടെ പ്രതിനിധികളുമായി യോഗം ചേര്‍ന്നത്. കളിക്കാരുടെ വേതനത്തില്‍ കുറഞ്ഞത് 30 ശതമാനം കുറവുവരുത്താനും കൂടുതല്‍ തുക കുറക്കുന്നതിനായി കളിക്കാരുമായി ചര്‍ച്ച നടത്താനും പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് അനുമതി നല്‍കി. 20 ദശലക്ഷം പൗണ്ട് (ഏതാണ്ട് 187 കോടി രൂപ) ബ്രിട്ടനിലെ ആരോഗ്യവിഭാഗത്തിന് കോവിഡ് ദുരിതാശ്വാസത്തിനായി കൈമാറാനും തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല