
സ്വന്തം ലേഖകൻ: ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവര്‍ക്കും സന്ദർശക വിസയിൽ യുഎഇയില്‍ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ. ആദ്യമണിക്കൂറില്‍ തന്നെ ടിക്കറ്റ് സ്വന്തമാക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. അതേസമയം ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു.
കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സർവീസ്. ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സർവീസുകളെന്ന് ഫ്ലൈ ദുബായി അറിയിച്ചു. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ ഫ്ലൈ ദുബായിയുടെ വെബ്‌സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമല്ല. 1800 ദിർഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്.
ഏഴ് കിലോഗ്രാമിന്റെ ഹാൻഡ് ബാഗേജ് മാത്രമേ അനുവദിക്കു. മറ്റ് ലഗ്ഗേജുകള്‍ കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രിൽ 15 മുതൽ ഫ്ളൈ ദുബായ് യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസ്, സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ളവ ഈമാസം മുപ്പതോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല