സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിക്കിടെ കുവൈറ്റിലെ ആത്മഹത്യാ നിരക്കില്‍ വര്‍ധനവ്. ഫെബ്രുവരി ആവസാനം മുതല്‍ കുവൈറ്റില്‍ 40 ആത്മഹത്യകളും 15 ആത്മഹത്യ ശ്രമങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ ആത്മഹത്യ നടന്നിരിക്കുന്നത് ഏഷ്യയില്‍ നിന്നുള്ള പ്രവാസികളാണെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് നിയന്ത്രണ നടപടികള്‍ക്കിടെ ജോലി നഷ്ടപ്പെട്ടതും, ശമ്പളം ലഭിക്കാത്തതും മൂലം ഉണ്ടായ സാമ്പത്തിക, മാനസിക പ്രയാസങ്ങളുമാണ് ഈ ആത്മഹത്യകളിലേക്ക് നയിച്ചതെന്ന് കേസ്വനേഷണത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
റമദാന്‍ മാസത്തില്‍ മൂന്ന് ആത്മഹത്യ കേസുകളാണ് കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ ഉഗാണ്ടയില്‍ നിന്നും, ഒരാള്‍, ഈജിപ്തില്‍ നിന്നും ഒരാള്‍ ഫിലിപ്പിന്‍സില്‍ നിന്നുമുള്ളയാളാണ്. ഫിലിപ്പന്‍സില്‍ നിന്നുള്ളയാള്‍ കൊവിഡ് രോഗിയായിരുന്നു.
വാടക നല്‍കാന്‍ പറ്റാത്തതും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റാത്തതും മൂലം പലരും സമ്മര്‍ദ്ദത്തിലായിരുന്നെന്നാണ് ആത്മഹത്യ ചെയ്തവരുമായി അടുപ്പമുള്ളവരില്‍ നിന്നും കുവൈത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ഇതിനൊപ്പം കൊവിഡ് പ്രതിസസന്ധിക്കിടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോവാന്‍ പറ്റാത്തതും ആത്മഹത്യക്ക് നയിച്ചിട്ടുണ്ടെന്ന് കുവൈത്ത് സോഷ്യോളജി പ്രൊഫസര്‍ ജമീല്‍ അല് മുറി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
വ്യാജ കമ്പനികളുടെ പേരില്‍ തൊഴിലാളികളെ കുവൈറ്റിലെത്തിച്ച് തൊഴിലുടമകള്‍ അവരെ തെരുവുകളില്‍ ഉപേക്ഷിച്ചതും ഇതിന് കാരണമാണെന്ന് ഇദ്ദേഹം പറയുന്നു.
“കൊവിഡ് പ്രതിസന്ധിക്കുള്ള കാരണം തങ്ങളാണെന്ന് ഏഷ്യയില്‍ നിന്നുള്ളവര്‍ക്ക് നേരെ ആരോപണം ഉന്നയിക്കുന്നത് വൈറസ് വാഹകരായി കാണുന്നതിനും അവരെ മോശക്കാക്കുന്നതിനും പരിഹാസ്യരാക്കുന്നതിനും കാരണമായി,” പ്രൊഫസര്‍ ജമീല്‍ അല് മുറി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമെന്ന് കുവൈത്ത് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും ഉള്‍പ്പെടെയുള്ള എണ്ണ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നത് 2020-21 വര്‍ഷങ്ങളില്‍ നിര്‍ത്തിവെക്കുമെന്നും ഇവരുടെ നിലവിലെ എണ്ണം കുറയ്ക്കുമെന്നും കുവൈറ്റിലെ എണ്ണ മന്ത്രിയും ആക്ടിംഗ് വൈദ്യുതി ജലമന്ത്രിയുമായ ഡോ. ഖാലിദ് അല്‍ ഫാദെല്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല