
സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും നാലു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഉള്ള പരിരക്ഷ 2 ലക്ഷം രൂപ വരെയും ഉയര്‍ത്തി.
പരിരക്ഷാ വര്‍ദ്ധനവിന് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അംഗങ്ങളായവര്‍ക്കും ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 പ്രവാസി കുടുംബങ്ങള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ യായി 54.64 ലക്ഷം രൂപ വിതരണം ചെയ്തു.
പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ഏകജാലക സംവിധാനം ആണ് നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നോര്‍ക്ക റൂട്‌സ് വഴി നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും കൃത്യമായി പ്രവാസികളില്‍ എത്തിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കുന്നു.
ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ താമസ അല്ലെങ്കില്‍ ജോലി വിസ ഉള്ള പ്രവാസികള്‍ക്ക് അംഗത്വ കാര്‍ഡിന് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസായ 315 രൂപ ഓണ്‍ലൈനായി അടച്ച് നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായwww.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്. മൂന്ന് വര്‍ഷമാണ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി.
നിലവില്‍ കാര്‍ഡ് ഉടമകള്‍ക്കും അവരുടെ 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും ഒമാന്‍ കുവൈത്ത് എയര്‍വെയ്‌സുകളില്‍ വിമാനയാത്ര ടിക്കറ്റ് നിരക്കില്‍ 7% ഇളവ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്കാ റൂട്ട്‌സ് ടോള്‍ ഫ്രീ നമ്പറുകള്‍ ആയ 1800 4253939 (ഇന്ത്യ)ല്‍ വിളിക്കുകയോ, 00918802012345 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല