
സ്വന്തം ലേഖകൻ: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം വിമാനം അനുവദിക്കുന്ന മുറയ്ക്ക് ആളുകളെ എത്തിക്കും. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
വിമാനം പുറപ്പെടുന്നതിന് മുമ്പെ തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശമന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഓരോ വിമാനത്താവളത്തിലും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാവും.
രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിന് സമീപം തന്നെ നിരീക്ഷണത്തിലാക്കുമെന്നും അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു. വീടുകളില്‍ പോവുന്നവരെ വിമാനത്താവളം മുതല്‍ വീട് വരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറ്റാത്തവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇതിന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മേല്‍നോട്ട സമിതിയുണ്ടാവും. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കും. നിരീക്ഷണത്തില്‍ തുടരുന്നവര്‍ എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകരുമായി മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമങ്ങള്‍ വഴിയോ ആരോഗ്യ സ്ഥിതി വ്യക്തമാക്കണം. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇവരുടെ ലഗേജുകള്‍ കൃത്യമായി വീടുകളില്‍ എത്തിക്കുക സര്‍ക്കാരായിരിക്കും. നിരീക്ഷണ കാലാവധി ഉറപ്പാക്കാനും സഹായം നല്‍കാനും വാര്‍ഡ് തല സമിതികളും ഉണ്ടാവും.
ഓരോ വിമാനത്താവളത്തിലും പ്രവാസികളെ താമസിപ്പിക്കാന്‍ നിരീക്ഷണകേന്ദ്രങ്ങളും ആശുപത്രികളും സജ്ജമാണ്. ഇവയുടെ മേല്‍നോട്ടങ്ങള്‍ക്കായി ഡി.ഐ.ജിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. നോര്‍ക്കയ്ക്കായിരിക്കും ഇവരെ തിരിച്ചെത്തിക്കാനുള്ള മറ്റ് നടപടികളുടെ ചുമതല. ഇതുവരെ 2,76000 പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഓരോ വിമാനത്താവളത്തിലും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്നവരുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമുദ്രമാര്‍ഗം കൊണ്ടുവരാമെന്ന അഭിപ്രായവും വന്നിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അങ്ങനെ സമ്മതിക്കുകയാണെങ്കില്‍ തുറമുഖം കേന്ദ്രീകരിച്ചും സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലുള്ളവരെയും പ്രവാസികളെയും ക്വാറന്റീനിൽ താമസിപ്പിക്കാൻ ഇന്നലെവരെ സർക്കാർ കണ്ടെത്തിയത് 2,39,642 കിടക്കകൾക്കുള്ള സ്ഥലം. ഇതിൽ 1,52,722 കിടക്കകൾ ഇപ്പോൾത്തന്നെ തയാറാണ്. സർക്കാർ–സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ കണ്ടെത്തിയതിനു പുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ മാത്രം ഇരുപതിനായിരത്തിലധികം കിടക്കകൾ സജ്ജീകരിക്കാനാകും.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയവും എറണാകുളത്തെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. മടങ്ങിവരാനായി നോർക്കയിൽ ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത് 2.20 ലക്ഷം പേരാണ്. ക്വാറന്റീനിൽ കൂടുതൽപേരെ പാർപ്പിക്കേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ട് കൂടുതൽ കെട്ടിടങ്ങൾ ഏറ്റെടുക്കാന്‍ സർക്കാർ തയാറെടുക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേർന്നാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല