
സ്വന്തം ലേഖകൻ: തിരിച്ചുവരാനാഗ്രഹിക്കുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക വെബ്സൈറ്റില്‍ ഇതുവരെ 2,02,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പ്രവാസികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും മടങ്ങാനാഗ്രഹിക്കുന്നവര്‍ തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നാണ് കരുതുന്നത്. സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലെ പ്രമുഖരുമായി കഴിഞ്ഞ ദിവസവും ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്ക്ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി എംബസികളിലെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കണം. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവേശനം ആവശ്യമായി വരുമെങ്കില്‍ അതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മടങ്ങിവരുന്ന പ്രവാസികള്‍ അതത് രാജ്യങ്ങളില്‍ നിന്നുതന്നെ കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയിരിക്കണം. സംസ്ഥാനത്ത് എത്തിയ ശേഷം വിമാനത്താവളത്തില്‍ വിശദമായ പരിശോധന നടത്തും. രോഗ ലക്ഷണമുള്ളവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും രോഗ ലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയച്ച ശേഷം അവിടെ നിരീക്ഷിക്കാനുമാണ് പദ്ധതി. അതേസമയം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങിവരുന്നതിനുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക ബുധനാഴ്ച ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല