സ്വന്തം ലേഖകൻ: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സജ്ജമായതോടെ ലോകത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനു തുടക്കം. ആദ്യഘട്ട ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടു വിമാനങ്ങള്‍ കേരളത്തില്‍നിന്നു പുറപ്പെട്ടു. ഇവയിലൊന്ന് അബുദാബിയില്‍നിന്ന് 4.15നു കൊച്ചിയിലേക്കു തിരിക്കും. രണ്ടാമത്തെ വിമാനം അഞ്ചുമണിക്കു ദുബായില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും.
കൊച്ചിയില്‍നിന്ന് അബുദാബിയിലേക്ക് ഉച്ചയ്ക്കു 12.30നും കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് 1.20 നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പുറപ്പെട്ടത്. കൊച്ചിയില്‍നിന്നുള്ള വിമാനം 3.15ന് അബുദാബിയിലെത്തി. ടെര്‍മിനല്‍ 3 ല്‍നിന്ന് വൈകുന്നേരം 4.15നു തിരിക്കുന്ന വിമാനം രാത്രി 9.40നു തിരിച്ചെത്തും. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് നാലിനു ദുബായിലെത്തി അഞ്ചുമണിക്കു തിരിക്കും. 10.30നാണു കോഴിക്കോട്ടെത്തുക. ഇരു വിമാനങ്ങളിലും 177 യാത്രക്കാര്‍ വീതമാണുണ്ടാകുക.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസിനു പുറമെ എയര്‍ ഇന്ത്യയും 12 രാജ്യങ്ങളില്‍നിന്നു പ്രവാസികളെ തിരിച്ചെത്തിക്കും. ഇന്നു മുതല്‍ 13 വരെ നീളുന്ന ആദ്യ ഘട്ടത്തില്‍ ഇരു കമ്പനികളും ചേര്‍ന്ന് 15,000 പേരെയാണു തിരിച്ചുകൊണ്ടുവരിക. യുഎഇ-10, സൗദി അറേബ്യ-5, കുവൈത്ത്-5, ഒമാന്‍-2, ഖത്തര്‍-2, ബഹ്റൈന്‍-2, ബംഗ്ളാദേശ്-7, മലേഷ്യ-7, സിംഗപ്പൂര്‍-5, ഫിലിപ്പൈന്‍സ്-5, യുകെ-7, യുഎസ്-7, എന്നിങ്ങനെ 64 വിമാന സര്‍വീസുകളാണ് ഇരു കമ്പനികളും ചേര്‍ന്ന് ആദ്യ ഘട്ടത്തില്‍ നടത്തുക.
കേരളത്തിലേക്ക് ഒരാഴ്ചയ്ക്കുള്ളില്‍ എട്ട് വിമാനങ്ങള്‍ ഉപയോഗിച്ച് 14 സര്‍വീസുകളാണു കൊച്ചി ആസ്ഥാനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 2478 പ്രവാസികളാണ് തിരിച്ചെത്തുക. ഓരോ സര്‍വീസിലും 177 പേര്‍ വീതം. തിരുവനന്തപുരത്തേക്കുള്ള ആദ്യ സര്‍വീസ് 10നാണ്. കോഴിക്കോട് നിന്നു പുറപ്പെടുന്ന വിമാനം ദോഹയില്‍നിന്നാണു തിരുവനന്തപുരത്തേക്കു പ്രവാസികളെ എത്തിക്കുക. കണ്ണൂരിലേക്കു 12നാണ് ആദ്യ സര്‍വീസ്.
Covid 19 Kerala Gulf Evacuation Live Updates: നാടണയുന്ന സന്തോഷത്തിൽ പ്രവാസികൾ; ആദ്യ വിമാനം അബുദാബിയിൽനിന്ന് 4.15 ന് പുറപ്പെടും
വിദേശത്തെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍, റാപ്പിഡ് ടെസ്റ്റിനു വിധേയമാക്കിയശേഷമാണു യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുക. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരെ കാണാന്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പുറപ്പെടല്‍ ലോഞ്ചില്‍ അനുവദിക്കില്ല.
ഇന്നത്തെ രണ്ടു സര്‍വീസിലും രണ്ടു പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അംഗങ്ങളും വീതമാണുള്ളത്. വൈറസ് പിടിപെടുന്നത് പ്രതിരോധിക്കുന്നതിനായി പൈലറ്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പിപിഇ സ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ധരിച്ചാണു ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. വിമാനത്തില്‍ യാത്രക്കാരുടെ സമീപത്തേക്ക് അടിയന്തര ഘട്ടത്തിലല്ലാതെ ജീവനക്കാര്‍ പോകില്ല.
സമ്പര്‍ക്കം ഒഴിവാക്കാനായി ഒരു ജോഡി മാസ്‌ക്, 100 മില്ലി ലിറ്റര്‍ സാനിറ്റെസര്‍ കുപ്പി, സ്‌നാക്‌സ് ബോക്‌സ്, ഒരു കുപ്പി വെള്ളം തുടങ്ങിയവ യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുന്‍പേ ഓരോ സീറ്റിലും വയ്ക്കും. ഈ വസ്തുക്കളൊക്കെ ദൗത്യം ആരംഭിക്കുന്ന വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോകുകയാണു ചെയ്യുക. വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുന്നതിനു മുന്‍പും തിരിച്ചെത്തിയശേഷവും അണുവിമുക്തമാക്കും. കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷനാണ് ഇതിന്റെ ചുമതല.
കൊച്ചിയിലെത്തുന്ന വിമാനത്തില്‍ എട്ടു ജില്ലകളിലെ യാത്രക്കാരാണുണ്ടാവുക. എറണാകുളം-25, തൃശൂര്‍ – 73, പാലക്കാട് – 13, മലപ്പുറം – 23, കാസര്‍ഗോഡ് – 1, ആലപ്പുഴ -15, കോട്ടയം – 13, പത്തനംതിട്ട – 8 എന്നിങ്ങനെയാണ് ഓരോ ജില്ലയിലെയും യാത്രക്കാരുടെ എണ്ണം.
കരിപ്പൂരിലെത്തുന്ന രണ്ടാമത്തെ വിമാനത്തില്‍ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണുണ്ടാകുക. മലപ്പുറം – 82, പാലക്കാട് – 8, കോഴിക്കോട് – 70, വയനാട് – 15, കണ്ണൂര്‍ – 6, കാസര്‍ഗോഡ് – 4, കോട്ടയം – 1, ആലപ്പുഴ – 2, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് ഇന്ന് ദുബായില്‍നിന്നു കരിപ്പൂരില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം. കൊച്ചിയിലെത്തുന്ന വിമാനത്തിലുള്ള 23 മലപ്പുറം സ്വദേശികളെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ജില്ലയിലെത്തിക്കും.
കുടിവെള്ളം, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വിമാനങ്ങള്‍ക്കു പ്രത്യേക പാര്‍ക്കിങ് ബേ, എയ്‌റോബ്രിഡ്ജുകള്‍ എന്നിവ ലഭ്യമാക്കും. യാത്രക്കാരുടെ ബഹിര്‍ഗമനമാര്‍ഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെര്‍മിനലിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ടെമ്പറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേയ്ക്കു മാറ്റി ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും.
രോഗലക്ഷണങ്ങളില്ലാത്തവരെ ഇമിഗ്രേഷന്‍, ബാഗേജ് ക്ലിയറന്‍സ് നടപടികള്‍ക്കുശേഷം വിമാനത്താവളങ്ങളില്‍നിന്ന് അതതു ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവിടെ ഏഴു ദിവസം പാര്‍പ്പിക്കും. തുടര്‍ന്ന് പിസിആര്‍ പരിശോധനയില്‍ പോസിറ്റീവാകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. നെഗറ്റീവ് ആകുന്നവരെ വീട്ടില്‍ പോകാന്‍ അനുവദിക്കും. ഇവര്‍ ഒരാഴ്ച നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ തുടരണം.
രോഗലക്ഷണങ്ങളില്ലാത്തവരും ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവരുമായ ഗര്‍ഭിണികള്‍, പത്ത് വയസിനു താഴെയുള്ളവര്‍, പ്രായാധിക്യത്താല്‍ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഭിന്നശേഷിക്കാര്‍, അടുത്ത ബന്ധുവിന്റെ മരണം, അടുത്ത ബന്ധുക്കള്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിവരെ കര്‍ശനമായ വ്യവസ്ഥകളോടെയും നിരന്തര ആരോഗ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയും വീടുകളില്‍ പോകാന്‍ അനുവദിക്കും. തിരിച്ചെത്തുന്ന മുഴുവന്‍ പേരും ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം.
എറണാകുളം ജില്ലയിലെ പ്രവാസികള്‍ക്കു കളമശേരിയിലെ എസ്‌സിഎംഎസ് ഹോസ്റ്റലിലാണ് ക്വാറന്റൈന്‍ ഒരുക്കിയത്. കാസര്‍ഗോഡ് ജില്ലക്കാരനായ ഏക യാത്രക്കാരനു തല്‍ക്കാലം എറണാകുളത്താണ് ക്വാറന്റൈന്‍. പ്രത്യക്ഷ രോഗലക്ഷണങ്ങളില്ലാത്തെ മലപ്പുറം ജില്ലക്കാരെ കരിപ്പൂരില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളിലാണു കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കു മാറ്റുക. മറ്റു ജില്ലക്കാരെ ടാക്സി വാഹനങ്ങളിലോ കെഎസ്ആര്‍ടിസി ബസുകളിലോ അതത് ജില്ലാ അധികൃതര്‍ക്ക് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയ ശേഷം കൊണ്ടുപോകും.
ബാഗേജ് അണുനശീകരണത്തിനു ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ സഹായമുള്‍പ്പെടെ വിപുലമായ സന്നാഹമാണു കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. വിമാനത്തില്‍നിന്ന് ബാഗേജ് പുനര്‍വിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകള്‍ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടര്‍ന്ന് ബെല്‍റ്റിലൂടെ നീങ്ങുന്ന ബാഗേജുകള്‍ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാര്‍ ബാഗുകളെടുക്കുന്ന കെറോസല്‍ ഭാഗത്തേയ്ക്ക് ഇവയെത്തുക.
കടല്‍മാര്‍ഗവും പ്രവാസികളെ ഇന്ത്യ ഒഴിപ്പിക്കുന്നുണ്ട്. ‘ഓപ്പറേഷന്‍ സമുദ്ര സേതു’ എന്ന ദൗത്യത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്നു യുദ്ധക്കപ്പലുകളിലാണു പ്രവാസികളെ തിരികെ എത്തിക്കുക. ദൗത്യത്തിനായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്നു രാവിലെ മാലദ്വീപിലെത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍നിന്നു പോയ കപ്പല്‍ 750 പേരുമായി നാളെ കൊച്ചിയിലേക്കു തിരിക്കും. ഐഎന്‍എസ് മഗര്‍ കപ്പലിലും മാലദ്വീപില്‍നിന്നു പ്രവാസികളെ എത്തിക്കും. ഐഎന്‍സ് ശര്‍ദൂല്‍ ദുബൈയില്‍നിന്നാണു പ്രവാസികളെ എത്തിക്കുക. ദൗത്യത്തിനായി 14 കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
കുവൈത്തിനെതിരായ ഇറാഖ് ആക്രമണകാലത്താണ് ഇതിനുമുന്‍പ് ഇന്ത്യ വലിയ ഒഴിപ്പിക്കല്‍ നടത്തിയത്. 1990ല്‍ കുവൈത്തില്‍നിന്ന് 1,70,000 പേരെയാണ് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഉപയോഗിച്ച് ഒഴിപ്പിച്ചത്. ഇതുവഴി ഏറ്റവും കൂടുതല്‍ ആളുകളെ ഒഴിപ്പിച്ച യാത്രാവിമാന കമ്പനി എന്ന നേട്ടവും എയര്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല