സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ആദ്യ ഘട്ടത്തിൽ എത്തുക 2250 പേർ. ആദ്യ 5 ദിവസങ്ങളിലായി ഇവർ സംസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും വിവരമുണ്ട്. മുന്‍ഗണനാ പട്ടികയിലുള്ളത് 1,68,136 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് വരാൻ 4.27 ലക്ഷംപേരാണ് നോർക്കവഴി റജിസ്റ്റർ ചെയ്തത്. തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കാത്തവർ, ജയിൽ മോചിതർ, ഗര്‍ഭിണികൾ, കുട്ടികൾ, വിസിറ്റ് വിസയിൽ പോയവർ, കോഴ്സ് പൂർത്തിയാക്കവർ ഉൾപ്പെടുന്ന മുൻഗണനാ പട്ടിക കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരെയെല്ലാം നാട്ടിലെത്തിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. അത് കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് ടെസ്റ്റില്ലാതെ പ്രവാസികളെ നാട്ടിലേക്ക് അയയ്ക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് യാത്ര തിരിക്കുന്നതിനു മുൻപ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിമാനങ്ങളിൽ വരുന്നവരെ നേരെ വീട്ടിലേക്ക് അയയ്ക്കാൻ കഴിയില്ല. 7 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും. ഏഴാം ദിവസം പിസിആർ ടെസ്റ്റ് നടത്തും. നെഗറ്റീവായാൽ വീട്ടിലേക്ക് അയയ്ക്കും. പോസിറ്റീവായാൽ ആശുപത്രിയിലേക്ക് അയയ്ക്കും. വീട്ടിൽ പോകുന്നവർ ഒരു ആഴ്ച വീട്ടിൽ ക്വാറന്റീനിൽ കഴിയണം.
ഇറ്റലിയിൽനിന്നും ഇറാനിൽനിന്നും ആളുകൾവന്നപ്പോൾ മെഡിക്കൽ സംഘം അവിടെയെത്തി അവരെ പരിശോധിച്ചിരുന്നു. വിമാനങ്ങളിൽ അടച്ചിട്ട യാത്രയാണ്. വൈറസ് വ്യാപന സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ പരിശോധന വേണമെന്ന് ആവശ്യപ്പെടുന്നത്. വിദേശത്തുനിന്ന് വരുന്നവർക്ക് ക്വാറന്റീനിൽ ആന്റിബോഡി ടെസ്റ്റ് നടത്തും. രണ്ട് ലക്ഷം കിറ്റിന് കേരളം ഓർഡര്‍ നൽകിയിട്ടുണ്ട്.
കൊച്ചി തുറമുഖം വഴിയും പ്രവാസികൾ വരും. മാലദ്വീപിൽനിന്ന് രണ്ടും യുഎഇയിൽനിന്ന് മൂന്നും കപ്പലുകൾ ഉടന്‍ വരും. തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും. നാവികസേനയുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിക്കും. കൊണ്ടുവരുന്നവരിൽ മറ്റു സംസ്ഥാനക്കാരും ഉണ്ടാകും. അവരെ മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കും. വിദേശത്തുനിന്ന് എത്തുന്നവരെ വിമാനത്താവളത്തിന് അടുത്തുള്ള ക്വാറന്റീനിൽ മാത്രമല്ല താമസിപ്പിക്കുക.
സ്വന്തം പ്രദേശങ്ങൾക്ക് അടുത്തുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളും ഉപയോഗിക്കും. എല്ലാ ജില്ലകളിലും ഇത്തരം രണ്ടര ലക്ഷം കിടക്കകൾക്കുള്ള സൗകര്യമുണ്ട്. അതിൽ 1,63,000 കിടക്കകൾ ഇപ്പോൾ തന്നെ പര്യാപ്തമാണ്. ബാക്കിയുള്ളവ സജ്ജമാക്കാൻ നിർദേശം നൽകി. വികേന്ദ്രീകൃതമായ ക്വാറന്റീൻ സജ്ജമാക്കാനാണു തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ആദ്യ 7 ദിവസത്തേക്കുള്ള പട്ടികയിൽ 64 സർവീസുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നായി 14800 ആളുകളെയാണ് ഈ വിമാനങ്ങളിൽ ഇന്ത്യയിൽ വിവിധ വിമാനത്താവളങ്ങളിൽ എത്തിക്കുക.
ഒന്നാം ദിവസം
യുഎഇയിലെ അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും (200 യാത്രക്കാർ) ദുബായിൽനിന്ന് കോഴിക്കോട്ടേക്കും (200) സർവീസ് ഉണ്ടാകും. സൗദിയിലെ റിയാദിൽനിന്ന് കോഴിക്കോട്ടേക്കും (200) ഖത്തറിൽനിന്ന് കൊച്ചിയിലേക്കും (200) സർവീസുണ്ട്. ലണ്ടൻ- മുംബൈ (250), സിംഗപ്പൂർ- മുംബൈ (250), ക്വാലാലംപൂർ- ഡൽഹി (250), സാൻഫ്രാൻസിസ്കോ – മുംബൈ വഴി ഹൈദരാബാദ് (300), മനില – അഹമ്മദാബാദ് (250), ധാക്ക –ശ്രീനഗർ (200) എന്നിവയാണ് ആദ്യ ദിവസത്തെ മറ്റു സർവീസുകൾ.
രണ്ടാം ദിവസം
ബഹ്‌റൈൻ – കൊച്ചി (200), ദുബായ്- ചെന്നൈ (2 സർവീസ്, 200 വീതം), ക്വാലാലംപൂർ – മുംബൈ (250), ന്യൂയോർക്ക്- മുംബൈ വഴി അഹമ്മദാബാദ് (300), ധാക്ക-ഡൽഹി (200), കുവൈത്ത് – ഹൈദരാബാദ് (200), സിംഗപ്പൂർ- അഹമ്മദാബാദ് (250), ലണ്ടൻ- ബെംഗളൂരു (250).
മൂന്നാം ദിവസം
കുവൈത്ത് – കൊച്ചി (200), മസ്കത്ത്- കൊച്ചി (250), റിയാദ്- ഡൽഹി (200), ക്വാലാലംപൂർ- തൃച്ചി (250), ഷിക്കാഗോ- മുംബൈ വഴി ചെന്നൈ (300), ധാക്ക- മുംബൈ (200) മനില- മുംബൈ (250), ലണ്ടൻ- ഹൈദരാബാദ് (250), ഷാർജ-ലക്നോ (200).
നാലാം ദിവസം
ഖത്തർ – തിരുവനന്തപുരം (200), ക്വാലാലംപൂർ- കൊച്ചി (250), കുവൈത്ത് – ചെന്നൈ (200), സിംഗപ്പൂർ – തൃച്ചി (250)ലണ്ടൻ- മുംബൈ (250), ധാക്ക-ഡൽഹി (200), അബൂദാബി –ഹൈദരാബാദ് (200), വാഷിങ്ടൺ- ഡൽഹി വഴി ഹൈദരാബാദ് (300).
അഞ്ചാം ദിവസം
ദമാം – കൊച്ചി (200), ബഹ്‌റൈൻ- കോഴിക്കോട് (200), ക്വാലാലംപൂർ- ചെന്നൈ (250), മനില- ഡൽഹി (250), ലണ്ടൻ- അഹമ്മദാബാദ് (250), ദുബായ്- കൊച്ചി (200), ധാക്ക-ശ്രീനഗർ( 200), സാൻഫ്രാൻസിസ്കൊ- ഡൽഹി വഴി ബെംഗളൂരു (300).
ആറാം ദിവസം
ക്വാലാലംപൂർ – കൊച്ചി (250), മസ്കത്ത് – ചെന്നൈ (200), ലണ്ടൻ- ചെന്നൈ (250), ജിദ്ദ – ഡൽഹി (200), കുവൈത്ത് – അഹമ്മദാബാദ് (200), ദുബായ് –ഡൽഹി (2 സർവീസ് 200 വീതം)മനില- ഹൈദരാബാദ് (250), ധാക്ക- ശ്രീനഗർ (200), സിംഗപ്പൂർ- ബെംഗളൂരു (250), ന്യൂയോർക്ക്- ഡൽഹി വഴി ഹൈദരാബാദ് (300).
ഏഴാം ദിവസം
കുവൈത്ത് – കോഴിക്കോട് (200) മനില- ചെന്നൈ (250) ധാക്ക- ചെന്നൈ (200) ലണ്ടൻ- ഡൽഹി (250) ചിക്കാഗോ- ഡൽഹി വഴി ഹൈദരാബാദ് (300) ജിദ്ദ- കൊച്ചി(200) ക്വാലാലംപൂർ- ഹൈദരാബാദ് (250), ദുബായ്- അമൃതസർ (200).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല