1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2020

സ്വന്തം ലേഖകൻ: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍, ടെലിവിഷന്‍ ക്ലാസുകള്‍ അവതരിപ്പിച്ച അധ്യാപകര്‍ക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. അധ്യാപകരുടെ ചിത്രങ്ങളും ദൃശ്യങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് ചെയ്യുന്നവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ ഒന്നിന് പഠിപ്പിക്കാനെത്തിയ അധ്യാപകരെ അവഹേളിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. നിരവധി ട്രോളുകളും അശ്ലീല പരാമര്‍ശവുമാണ് അധ്യാപകര്‍ക്ക് നേരിടേണ്ടി വന്നത്.

ചില കേന്ദ്രങ്ങളില്‍നിന്നാണ് ആവര്‍ത്തിച്ച് ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. അധ്യാപകര്‍ രേഖാമൂലം പരാതി നല്‍കുകയാണെങ്കില്‍ വേഗത്തില്‍ നടപടിയുമായി മുന്നോട്ടുപോകും. അധ്യാപകര്‍ പരാതിയുമായി മുന്നോട്ട് വന്നില്ലെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ പൊലീസ് ഡി.ജി.പിയുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്.

ഇനിയും ക്ലാസുകള്‍ തുടരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അധ്യാപകരെ മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള നീക്കങ്ങള്‍ക്കെതിരെ നടപടി വേണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം.

അധ്യാപികമാര്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വിക്ടേഴ്‌സ് ചാനലും അറിയിച്ചിരുന്നു. ക്ലാസ് എടുത്ത അധ്യാപികമാരുടെ ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉപയോഗിച്ച് അശ്ലീല പരാമര്‍ശങ്ങളാണ് ചിലര്‍ നടത്തിയത്.

കുട്ടികള്‍ക്ക് കാണുന്നതിനായി ‘ഫസ്റ്റ് ബെല്ലില്‍ ‘ അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു.

ഇത് അത്യന്തം വേദനാജനകമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും കൈറ്റ് വിക്ടേഴ്സ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.