സ്വന്തം ലേഖകൻ: തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ പൂഴ്ത്തുന്നു. ചെന്നൈ കോര്‍പ്പറേഷന്റെ മരണ റജിസ്ട്രിയില്‍ രേഖപെടുത്തിയ 236 മരണങ്ങള്‍ സംസ്ഥാനത്തിന്റെ കൊവിഡ് കണക്കുകളിലില്ല. കള്ളക്കളി പുറത്തുവന്നതിനു പിന്നാലെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
ചെന്നൈയിലെ സ്റ്റാന്‍ലി , കില്‍പോക് മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് മൂലം മരിച്ചവരുടെ മോര്‍ച്ചറി കാര്‍ഡുകളാണിത്. ഈ മരണങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ കണക്കില്‍ ഔദ്യോഗികമായ ചേര്‍ത്തിട്ടില്ല.
ചെന്നൈയില്‍ മാത്രം അധികമായി 236 കൊവിഡ് മരണങ്ങള്‍ അശുപത്രികള്‍ കോര്‍പ്പറേഷന്റെ മരണ റജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ആരോഗ്യവകുപ്പില്‍ ഈ മരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല, കൊവിഡ് മരണ നിരക്ക് താഴ്ത്തി കാണിക്കാനാണ് ഇത്രയും മരണങ്ങളെ ഒളിപ്പിച്ചതെന്നാണ് ആരോപണം.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ആശുപത്രികള്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതാണ് പ്രശ്നമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതേ ആശുപത്രികള്‍ തന്നെയാണ് കോര്‍പ്പറേഷന് വിവരങ്ങള്‍ കൈമാറുന്നതും മരണ റജിസ്റ്ററില്‍ രേഖപെടുത്തുന്നതും.
കൊവിഡ് മരണസംഖ്യ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ഒന്നും നേടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടാല്‍ അത് എല്ലാവരും അറിയും. ആ വിവരം രഹസ്യമാക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തു വിടുന്നത്. മരണം രഹസ്യമാക്കി വെക്കുന്നതിലൂടെ സര്‍ക്കാരിന് ഒന്നും നേടാനില്ല.
രാജ്യത്തു തന്നെ ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ്-19 സമൂഹവ്യാപനം ഉണ്ടായിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലും കൊവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. ചെന്നൈയില്‍ ജനസാന്ദ്രത കൂടിയതിനാലാണ് രോഗ വ്യാപനം കൂടുതലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല