സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പത്വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘ്യാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ചാൻസലർ റിഷി സുനക്. ഈ പാദത്തിൽ മൂന്നിലൊന്നിൽ കൂടുതൽ സമ്പദ്‌വ്യവസ്ഥ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്നത് കൂടുതൽ ദുഷ്‌കരമായ സമയങ്ങളാണെന്നും’ മുന്നറിയിപ്പ് നൽകി.
മഹാമാരിയെ നേരിടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ലോക്ക്ഡൗൺ നടപടികളിൽ നിന്നുള്ള ആഘാതം താൽക്കാലികമാണെന്ന് ചാൻസലർ പറഞ്ഞെങ്കിലും ജനങ്ങൾക്ക് ‘ബുദ്ധിമുട്ടുകൾ’ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് മാസത്തേക്ക് തുടരുന്ന നിയന്ത്രണങ്ങൾ ജിഡിപിയെ 35 ശതമാനം കുറയ്ക്കുമെന്നും തൊഴിലില്ലായ്മ 10 ശതമാനമായി ഉയരുമെന്നും സർക്കാരിന്റെ കമ്മി 273 ബില്യൺ പൗണ്ടിലെത്തുമെന്നും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഭീകരമായ അന്തരീക്ഷമായിരിക്കും അഭിമുഖീകരിക്കേണ്ടി വരികയെന്നും ചാൻസലർ കൂട്ടിച്ചേർത്തു.
ലോക്ക്ഡൗണിൽ നിന്ന് ഈ ആഴ്ച ഒരു എക്സിറ്റ് തന്ത്രം പ്രസിദ്ധീകരിക്കാൻ ലേബർ നേതാവ് സർ കീർ സ്റ്റാർമർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. അതേസമയം വൈറസ് അതിന്റെ അപകടസാധ്യതയിലെത്തുന്നതിനുമുമ്പ് ഒരു എക്സിറ്റിനെക്കുറിച്ച് സംസാരിക്കുന്നത് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നാണ് സർക്കാർ വാദം. ലോക്ക്ഡൗൺ വിപുലീകരണം സംബന്ധിച്ച വിശദ വിവരങ്ങൾ വ്യാഴാഴ്ച സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
ഫ്രാന്‍സിലും കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു. രാജ്യത്തെ പുതിയ സാഹചര്യം കണക്കിലെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തിങ്കളാഴ്ച വൈകിട്ട് രാജ്യവ്യാപകമായി മേയ് 11 വരെ ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിച്ചു.
ഏപ്രില്‍ 13ന് വൈകിട്ട് ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ചു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 574 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഫ്രാന്‍സിലെ കൊറോണ വൈറസ് മരണം 14,967 ആയി.
തിങ്കളാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അറിയിച്ചത്. അതേസമയം നല്ല പൗരന്മാരായി തുടരുകയും ഉത്തരവാദിത്തപരമായും, നിയമങ്ങളെ മാനിക്കുകയും ചെയ്താല്‍ മാത്രമേ ലോക്ക്ഡൗണ്‍ ലഘൂകരിക്കാന്‍ സാധ്യമാകൂ, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ആഴ്ചകളോളം സാമൂഹ്യസമ്പർക്കം തടയുന്നതു നിർണായകമാണെന്നും രോഗം വ്യാപനം തടയാൻ ഇത് തുടരേണ്ടതുണ്ടെന്നും മാക്രോൺ പറഞ്ഞു. അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയർലൻഡിൽ കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് യാത്രാ തടസങ്ങളും ലോക്ഡൗണ്‍ സാഹചര്യവും തുടര്‍ന്നേക്കാവുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യേണ്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പ്രയോറിറ്റി ലിസ്റ്റ് തയാറാക്കുന്നു.
അയര്‍ലൻഡില്‍ ഇപ്പോള്‍ താമസിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വകാല സന്ദര്‍ശകര്‍, സീനിയര്‍ സിറ്റിസണ്‍സ്, ഹ്രസ്വകാല ജോബ് വീസയില്‍ എത്തിയിരിക്കുന്നവര്‍, സാമ്പത്തിക ക്ലേശം മൂലമോ ,ആരോഗ്യ പരമായ കാരണങ്ങളാലോ ഇന്ത്യയിലേയ്ക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന ഇന്റര്‍ നാഷണല്‍ സ്റ്റുഡന്‍സ്, രോഗാവസ്ഥയോ,മറ്റു കാരണങ്ങളോ മൂലം അടിയന്തരമായി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യേണ്ടവര്‍ എന്നിവരാണ് പട്ടികയിൽ.
ലോക്ഡൗണ്‍ നീക്കുന്ന മുറയ്ക്ക് കൊമേഴ്ഷ്യല്‍ ഫ്ളൈറ്റുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇപ്പോള്‍ രൂപീകരിക്കുന്ന മുന്‍ഗണനാ ലിസ്റ്റ് പരിഗണിയ്ക്കാന്‍ പ്രയോജനപ്പെട്ടേക്കും എന്നും എംബസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല