സ്വന്തം ലേഖകൻ: വിദേശത്തു നിന്നുള്ള എൻഎച്ച്എസ് ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് സർചാർജ് തിരികെ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്. മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർക്കാണ് അടച്ച തുക ഇത്തരത്തിൽ തിരികെ ലഭിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഹെൽത്ത് വർക്കർമാർക്ക് എൻ.എച്ച്.എസ്. സർചാർജ് ഒഴിവാക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനത്തിന്മേൽ എന്തു നടപടിയായുണ്ടായെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മറുപടിയായിരുന്നു പാർലമെന്റിൽ ബോറിസിന്റെ പ്രഖ്യാപനം. നാലംഗങ്ങളുള്ള കുടംബം ഒരുവർഷം 1600 പൗണ്ടാണ് സർചാർജായി നൽകുന്നത്. ഇതോടെ മൂന്നും നാലും വർഷത്തെ വർക്ക് പെർമിറ്റിൽ വന്നവർ വീസാ കാലാവധി കണക്കുകൂട്ടി അടച്ച വലിയൊരു തുക തിരികെ ലഭിക്കും.
എൻ.എച്ച്.എസിന്റെ ഹെൽത്ത് സർവീസ് ഉപയോഗിക്കുന്നതിനാണ് മൈഗ്രന്റ് വർക്കേഴ്സിൽനിന്നും സർചാർജ് ഈടാക്കുന്നത്. യൂറോപ്യൻ യൂണിയനു പുറത്തുനിന്നും എത്തിയിട്ടുള്ള നഴ്സുമാരും ഡോക്ടർമാരും നിലവിൽ വർഷം തോറും 400 പൗണ്ടാണ് ഹെൽത്ത് സർചാർജ് നൽകുന്നത്. ഇത് ഒക്ടോബർ മുതൽ 624 പൗണ്ടായി ഉയർത്താനും കഴിഞ്ഞ ബജറ്റിൽ തീരുമാനിച്ചിരുന്നു.
നാല് അംഗങ്ങളുള്ള ഒരു നഴ്സിന്റെ കുടുബത്തിന് നിലവിലെ നിരക്കനുസരിച്ച് 1600 പൗണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബർ മുതൽ 2500 പൗണ്ടുമാണ് സർചാർജ് നൽകേണ്ടത്. ഇത് ഒഴിവാക്കുന്നത്, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വലിയ ആശ്വാസമാകും. പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന നഴ്സുമാരും ജൂനിയർ ഡോക്ടർമാരുമാണ് ഇപ്പോൾ വലിയൊരു തുക സർചാർജായി നൽകേണ്ടി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല