സ്വന്തം ലേഖകൻ: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ലണ്ടനിൽ ബ്രിട്ടനിൽ നിന്ന് മടങ്ങാനാവാതെ 50ലധികം പ്രവാസി മലയാളികൾ. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാത്തതാണ് ഇവർക്ക് തിരിച്ചടിയായിട്ടുള്ളത്.
ബ്രിട്ടനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചവർക്കാണ് ടിക്കറ്റ് ലഭിക്കാത്തതിനാൽ മടങ്ങാൻ കഴിയാത്തത്. കൊറോണ വൈറസ് വ്യാപനത്തതോടെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൌത്യത്തിൽ ബ്രിട്ടനിൽ നിന്ന് പുറപ്പെട്ട ആദ്യ എയർ ഇന്ത്യ വിമാനമാണ് ബുധനാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്.
ലണ്ടനിൽ നിന്ന് മടങ്ങാൻ ഇവർക്ക് ലണ്ടനിലെ ഹൈക്കമ്മീഷൻ അനുമതി നൽകിയെങ്കിലും ടിക്കറ്റ് സംബന്ധിച്ച് എയർലൈൻസ് അധികൃതരിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നുമാണ് യാത്രക്കാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കേരളത്തിലേക്ക് മടങ്ങാനായി എത്തിയവർ മണിക്കൂറുകളോളം വിമാനം പുറപ്പെടുന്നത് വരെ ഹീത്രോ വിമാനത്താവളത്തിൽ കാത്തുനിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രായമായവരും ഗർഭിണികളും രോഗികളും ഉൾപ്പെടെയുള്ള മലയാളികളാണ് ഇതോടെ ടിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് പുറപ്പെടാനാവാതെ നിരാശരായി മടങ്ങിയത്. ലണ്ടനിൽ നിന്നും ആദ്യ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ തയ്യാറാക്കിയ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും എയർ ഇന്ത്യ അധികൃതർ വിളിക്കുകയോ ടിക്കറ്റ് സംബന്ധിച്ച് ഒരു തരത്തിലുള്ള അറിയിപ്പും നൽകിയില്ലെന്നുമാണ് ഇവർ ആരോപിക്കുന്നത്.
ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ ഇന്ത്യയിലേക്ക് മടങ്ങേണ്ട മലയാളികളുടെ പട്ടികയ്ക്ക് പകരം എയർ ഇന്ത്യാ അധികൃതർ പ്രത്യേകം പട്ടിക തയ്യാറാക്കിയതുകൊണ്ടാണ് തങ്ങളെ വിളിക്കാത്തതെന്നാണ് ഇവർ പറയുന്നത്. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത മലയാളികൾ എയർലൈൻസ് അധികൃതരുമായും ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ട് വിവരമറിയിച്ചെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്നും യാത്ര മുടങ്ങിയവർ പരാതിപ്പെട്ടു. 188 യാത്രക്കാരുമായി ബുധനാഴ്ച രാവിലെയാണ് ലണ്ടനിൽ നിന്ന് മുംബൈ വഴി എയർ ഇന്ത്യാ വിമാനം കൊച്ചിയിൽ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല