സ്വന്തം ലേഖകൻ: ജൂലൈ നാലു മുതൽ ബ്രിട്ടനിൽ ഹോട്ടലുകളും പബ്ബുകളും ബാർബർഷോപ്പുകളും തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. നിലവിലെ രണ്ടുമീറ്റർ സാമൂഹിക അകലം ഇംഗ്ലണ്ടിൽ ഒരുമീറ്ററായി കുറയ്ക്കാനും തീരുമാനമായി. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവടങ്ങിൽ രണ്ടുമീറ്റർ അകലം തുടരണമോ എന്ന് പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം.
സിനിമാ ഹാളുകൾ, മ്യൂസിയങ്ങൾ, ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ലോഡ്ജുകൾ, ഹോളിഡേ ഹോമുകൾ, ക്യാംപ് സൈറ്റുകൾ, കാരവൻ പാർക്കുകൾ, ബോർഡിംങ് ഹൌസുകൾ, ആരാധനാലയങ്ങൾ, ലൈബ്രറി, ജോലിസ്ഥലങ്ങളിലെ കന്റീനുകൾ, ആർട്ട് ഗാലറികൾ, പൊതു കളിസ്ഥലങ്ങൾ, ഫൺ ഫെയറുകൾ, തീം പാർക്കുകൾ, മോഡൽ വില്ലേജുകൾ, ബിൻഗോ എന്നിവയാണ് ജൂലൈ നാലുമുതൽ തുറക്കാൻ അനുവദിക്കുന്നത്.
എന്നാൽ നൈറ്റ് ക്ലബ്ബുകൾ. ബോളിങ് സെന്ററുകൾ, സ്പാകൾ, നെയിൽ ബാറുകൾ, ടാറ്റൂ പാർലറുകൾ, ജിംനേഷ്യങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ, വാർട്ടർ പാർക്കുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.
കൊവിഡ് പ്രതിരോധത്തിന്റെ വിശദാംശങ്ങൾ നൽകാൻ ദിവസേന വൈകിട്ട് അഞ്ചിന് ഡൌണിംങ് സ്ട്രീറ്റിൽ നടത്തിവന്ന വാർത്താ സമ്മേളനം ഇന്നലെത്തോടെ അവസാനിച്ചു. മാർച്ച് 16 മുതൽ നടന്നുവന്നിരുന്ന ഇത് ഇനി മുതൽ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാകും.
ബ്രിട്ടനിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മിഷണറായി ഗായത്രി ഇസ്സാർ കുമാർ ചുമതലയേറ്റു. നിലവിലെ ഹൈക്കമ്മിഷണർ രുചി ഘനശ്യാം വിരമിച്ച ഒഴിവിലാണ് ഗായത്രിയുടെ നിയമനം. നിലവിൽ ബൽജിയത്തിലെ ഇന്ത്യയുടെ അംബാസിഡറായിരുന്നു ഗായത്രി. പഴയ ഹൈമ്മിഷണർ വിരമിച്ചതും പുതിയ ഹൈക്കമ്മിഷണർ ചുമതലയിൽ എത്താതിരുന്നതും ലോക്ക്ഡൗൺ കാലത്ത് നാമമാത്രമായി മാത്രം പ്രവർത്തിക്കുന്ന ഹൈക്കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാപക പരാതികൾക്ക് കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല