സ്വന്തം ലേഖകൻ: ബ്രിട്ടൻ കൊറോണ വൈറസ് ബാധയുടെ ഉച്ചസ്ഥായിയിലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. യുകെയിലെ ആശുപത്രി മരണങ്ങളുടെ എണ്ണം 18,000 കവിഞ്ഞു. ഇന്നലെ മാത്രം ബ്രിട്ടനിൽ സ്ഥിരീകരിച്ചത് 759 മരണങ്ങളാണ്. ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കുന്നതിലെ “ഉറച്ച പ്രതിബദ്ധത” യ്ക്ക് ബ്രിട്ടീഷ് പൊതുജനങ്ങളോട് ഹെൽത്ത് സെക്രട്ടറി ഹാൻകോക്ക് നന്ദി അറിയിച്ചു.
യുകെയില്‍ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായി ടെസ്റ്റിംഗും കോണ്‍ടാക്ട് ട്രേസിംഗും വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും തീര്‍ത്തും സുരക്ഷിതമായ സമയത്ത് മാത്രമേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് തുടങ്ങുകയുള്ളുവെന്നുമാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്.
ഇന്നലെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് കീഴിലുള്ള ആശുപത്രികളില്‍ 665 പേരാണ് പുതുതായി കൊറോണ ബാധിച്ച് മരിച്ചത്. ഇതിനു പുറമെ സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകളിലെ പുതിയ മരണങ്ങള്‍ കൂടി കണക്കാക്കിയാണ് ഇന്നലെ മൊത്തം മരണമായ 759ലെത്തിയത്.
അതേസമയം കൊറോണ മരണങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വരുത്തുന്ന പാളിച്ചകളെ തുടർന്ന് രാജ്യത്തെ ഔദ്യോഗിക കൊറോണ മരണസംഖ്യയിലെ കൃത്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. രാജ്യത്തെ യഥാര്‍ത്ഥ കൊറോണ മരണസംഖ്യ 41,000 ആണെന്ന നിഗമനത്തിലാണ് വിദഗ്ദർ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഔദ്യോഗിക കണക്കായ 18,100 എന്നത് ഹോസ്പിറ്റലുകളിലെ മരണങ്ങള്‍ മാത്രമാണെന്നും പുറത്തുള്ള കൊറോണ മരണങ്ങള്‍ കൂടി ചേര്‍ത്ത് വയ്ക്കുമ്പോള്‍ അത് 41,000ത്തില്‍ അധികമായിരിക്കുമെന്ന് അവര്‍ വിശദീകരിക്കുന്നു. കെയര്‍ഹോമുകളിലെ കൊറോണ മരണങ്ങള്‍ ഔദ്യോഗിക മരണപട്ടികയിലേക്ക് കണക്കാക്കാത്തതിനാല്‍ അതും ഹോസ്പിറ്റലുകളില്‍ രേഖപ്പെടുത്താത്ത മരണങ്ങളും ചേര്‍ത്ത് വയ്ക്കുമ്പോള്‍ രാജ്യത്തെ മൊത്തം കൊറോണ മരണം ഏപ്രില്‍ 21 വരെയള്ളത് 41,102 ആയിരിക്കുമെന്നാണ് ബാക്ക്ഡേറ്റഡ് ഡാറ്റകളെ വിശകലനം ചെയ്ത് കൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് പ്രവചിച്ചിട്ടുണ്ട്.
എന്നാല്‍ ഏപ്രില്‍ 21 വരെ വെറും 17,337 പേര്‍ മാത്രമാണ് മരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ ഇതിനേക്കാൾ 79 ശതമാനം കൂടുതായിരിക്കും കൊറോണ മരണങ്ങളെന്നാണ് നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്‌കോട്ട്ലന്‍ഡ് വെളിപ്പെടുത്തുന്നത്.
സ്‌കോട്ട്ലന്‍ഡില്‍ കൊറോണ ബാധിച്ച് മരിക്കുന്നവരില്‍ മൂന്നിലൊന്നും കെയര്‍ഹോമുകളിലാണെന്നും അവരെ ഔദ്യോഗിക കൊറോണ മരണക്കണക്കില്‍ പെടുത്തുന്നില്ലെന്നും നാഷണല്‍ റെക്കോര്‍ഡ്സ് ഓഫ് സ്‌കോട്ട്ലന്‍ഡ് പറയുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സ്‌കോട്ട്ലന്‍ഡിലെ കൊറോണ മരണം 903 ആയിരുന്നപ്പോള്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ 1616 പേര്‍ മരിച്ചിരുന്നു.
അതിനിടെ ടര്‍ക്കിയില്‍ നിന്ന് 19 ടണ്‍ സുരക്ഷാ ഉപകരണങ്ങളുമായി വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ കാര്‍ഗോ വിമാനം ലണ്ടനിലെത്തി. ദിവസേന ഒന്നര ലക്ഷത്തോളം ഗൗണുകളാണ് എന്‍എച്ച്എസിന് ആവശ്യമുള്ളത്. അമേരിക്കയില്‍ കഴിഞ്ഞദിവസം പിപിഇകള്‍ക്കായി നഴ്‌സുമാര്‍ വൈറ്റ്ഹൗസിനു മുന്നില്‍ പ്രകടനം നടത്തിയത് ബ്രിട്ടനിലും ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാരും എന്‍എച്ച്എസും.
കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ലണ്ടനിൽ മരിച്ചു. ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് പ്രകാശ് ആണ് മരിച്ചത്. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ പ്രകാശ് ഖത്തറില്‍ ഡോക്ടറാണ്.
ലോക്ക്ഡൌൺ ആയതിനാൽ ലണ്ടനിലുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു സിദ്ധാർഥ്. കോവിഡ് ബാധയാണോ എന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
ഡോ.പ്രകാശും ഭാര്യയും ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗങ്ങളാണ്. അവിടെയുള്ള പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറാണ് പ്രകാശ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയായ ജോജോ ദേവസ്യ മൂന്നാഴ്ചത്തെ ചികിൽസയ്ക്കു ശേഷം ബുധനാഴ്ച ആശുപത്രി വിട്ടു. ആഷ്ഫോർഡ് വില്യം ഹാർവി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ജോജോ രോഗമുക്തി നേടിയതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നിരന്നുനിന്ന് കരഘോഷത്തോടെ യാത്രയാക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കാന്റർബറി ആശുപത്രിയിലെ മെയിൽ നഴ്സായ ജോജോ ദേവസ്യ കോവിഡ് ലക്ഷണങ്ങളോടെ ആദ്യം ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിയെങ്കിലും അഡ്മിറ്റ് ചെയ്യാതെ തിരിച്ചയയ്ക്കുകയായിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ രോഗം വഷളായി വീണ്ടും ആശുപത്രിയിലെത്തി. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജോജോയുടെ ജീവൻ രക്ഷിക്കാനായത്.
കഴിഞ്ഞയാഴ്ച ലണ്ടനിലെ ക്രോയിഡണിൽ കോവിഡ് രോഗമുക്തായായ മലയാളി വീട്ടമ്മയെ ആശുപത്രി ജീവനക്കാർ സമാനമായ രീതിയിൽ യാത്രയാക്കിയത് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായിരുന്നു, വർക്കല സ്വദേശി ജ്യോതി കേശവനായിരുന്നു ചികിൽസയോടൊപ്പം എൻഎച്ച്എസിന്റെ ഈ ആദരവും ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല