സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. ജിഡിപി 20.4 ശതമാനം ഇടിഞ്ഞതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതായാണ് സൂചന. എന്നാൽ ഈ വീഴ്ച അപ്രതീക്ഷിതം ആയിരുന്നില്ല എന്നായിരുന്നു ആരോഗ്യ മന്ത്രി എഡ്വേർഡ് ആർഗാർ പ്രതികരിച്ചത്.
കൊവിഡ് സാമ്പത്തിക മാന്ദ്യം ലോകമെമ്പാടുമുള്ള മറ്റ് സമ്പദ്‌വ്യവസ്ഥകളും നേരിടുന്ന പ്രതിഭാസമാണെന്ന് ചാൻസലർ റിഷി സുനകും പറഞ്ഞു. സമ്പദ്‌വ്യവസ്ഥ ക്രമേണയും സുരക്ഷിതമായും വീണ്ടും തുറക്കാനുള്ള പദ്ധതി തയ്യാറാണെന്നാണ് സർക്കാരിന്റ് നിലപാട്.
ഇതിന്റെ ഭാഗമായി ഹൈ സ്ട്രീറ്റിലെ കൂടുതൽ ഷോപ്പുകൾ അടുത്തയാഴ്ച വീണ്ടും തുറക്കും, ഇതോടെ ജീവിതം കുറച്ചുകൂടി സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതിനിടെ വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തിൽ ഈമാസം 21ന് ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പ്രഖ്യാപിച്ച പ്രത്യേക വിമാനം പുതിയ ലിസ്റ്റിൽ നിന്ന് അപ്രത്യക്ഷമായതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. പകരം 18, 24, 30 തിയതികളിൽ മൂന്നു വിമാനങ്ങളാണ് ഡൽഹി വഴി കൊച്ചിയിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ടാണ് എടുക്കേണ്ടത്. ബുക്കിംങ് നടപടികൾ ബുധനാഴ്ച രാവിലെ എട്ടുമുതൽ ആരംഭിച്ചു. 15 മുതൽ 30വരെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും സർവീസുണ്ട്.
ബുക്കിംങ് എയർ ഇന്ത്യാ വെബ്സൈറ്റിൽനിന്നും നേരിട്ടാണെങ്കിലും എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കേ ബുക്കിംങ് സാധ്യമാകൂ. ഒസിഐ കാർഡ് ഉള്ളവരിൽ യാത്രാ അനുമതിയുള്ള നാലു വിഭാഗക്കാർക്കു മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
നേരത്തെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പേര് റജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ എയർ ഇന്ത്യ അധികൃതർ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ എംബസി ആർക്കും ഇ-മെയിൽ അറിയിപ്പുകൾ നൽകുന്നില്ല. പുതിയ മാറ്റത്തിന്റെ കാരണം എന്തെന്ന് ഹൈക്കമ്മിഷൻ വ്യക്തമാക്കുന്നില്ല.
ടിക്കറ്റ് ബുക്കിംങ്ങിൽ എംബസി അനുവർത്തിച്ചിരുന്ന മുനഗണനാക്രമം പാലിക്കാൻ എയർ ഇന്ത്യ വെബ്സൈറ്റിലൂടെ യാത്രക്കാർ പ്രത്യേക സത്യവാങ്മൂലം നൽകണം. ഇതിലെ വിവരങ്ങൾ പരിഗണിച്ചാകും ബുക്കിംങ്ങിന് അവസരം ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല