സ്വന്തം ലേഖകൻ: വന്ദേഭാരത് നാലാം ഘട്ടത്തില്‍ ബഹ്‌റെെനിൽ നിന്നു കേരളത്തിലേക്ക് 33 സര്‍വീസുകള്‍. ഇതുള്‍പ്പടെ ജൂലൈ ഒന്ന് മുതല്‍ 14 വരെ ആകെ 47 സര്‍വീസുകൾ ബഹ്‌റെെനിൽ നിന്നുണ്ടാകും. മൂന്നാം ഘട്ടത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ഇല്ലാതിരുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതു പരിഹരിച്ചാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിയിലേക്ക് 10, തിരുവനന്തപുരം-ഒൻപത്, കോഴിക്കോട്-ഒൻപത്, കണ്ണൂര്‍-ആറ് എന്നിങ്ങനെയാണ് സര്‍വീസുകളുടെ എണ്ണം. മറ്റു സംസ്ഥാനങ്ങളിലേക്ക് 14 സര്‍വീസുമുണ്ട്. കൊച്ചിയിലേക്ക് ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ തുടര്‍ച്ചയായി സര്‍വീസുണ്ട്. ഇതിന് പുറമെ 7,9,10,13,14 എന്നീ തിയതികളിലും സര്‍വീസ് തുടരും. തിരുവനന്തപുരേത്തേക്ക് 2,3,4,6,7,8, 10,11,12,14 തിയ്യതികളിലാണ് സര്‍വീസുളളത്. കോഴിക്കോട്ടേക്ക് 2,3,4,6,7,9,11,12 തിയതികളിലും കണ്ണൂരിലേക്ക് 1,3, 5,8,11,14 തിയതികളിലും വിമാനം പറക്കും.
കേരളത്തിന് പുറമെ ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും ചെന്നൈ, ജയ്‌പൂർ എന്നിവിടങ്ങളിലേക്ക് രണ്ടും സര്‍വീസുണ്ടാകും. അമൃതസര്‍, മധുര, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുമുണ്ടാകും.
എയർ ഇന്ത്യ പുറത്തുവിട്ട പട്ടിക അനുസരിച്ച് സൗദിയിൽ നിന്ന് കേരളത്തിലേക്ക് 11 വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ 14 വരെ പ്രഖ്യാപിച്ച 136 സർവീസുകളിൽ കേരളത്തിലേക്ക് വിമാനങ്ങൾ ഇല്ലാത്തതിനെ ചൊല്ലി വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ജൂണ്‍16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ട പട്ടികയിലും സൗദിയില്‍ നിന്നു കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിരുന്നില്ല. 12 വിമാനങ്ങളാണ് ഈ ഘട്ടത്തിൽ മറ്റുഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്.
ജൂലൈ 3, 5, 7, തീയതികളിൽ യാഥക്രമം ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കണ്ണൂരിലേക്കും, ജൂലൈ 3, 4,6 തീയതികളിൽ യഥാക്രമം റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കും ജൂലൈ 4,8,9 തീയതികളിൽ യഥാക്രമം റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കും ജൂലൈ 6, 10 തീയതികളിൽ ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങൾ. 11 സർവീസുകളും നടത്തുന്നത് എയർ ഇന്ത്യ വിമാനങ്ങളാണ്.
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ 170 വിമാന സർവീസുകൾ നടത്തും. 17 രാജ്യങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങിലേക്കായി മൊത്തം 21 എയർ ഇന്ത്യ സർവീസുകളുണ്ട്. .
അതേസമയം നാലാം ഘട്ടത്തിൽ യു എ ഇ, ബഹ്‌റൈൻ, ഒമാൻ, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നായി 94 വിമാനങ്ങളാണ് കേരളത്തിൽ എത്തുക. യു എ ഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന്39 വീതവും ഒമാൻ 13, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോന്നു വീതവുമാണ് സർവീസ് നടത്തുക.
കാനഡ, യുഎസ്, ബ്രിട്ടൺ, കെനിയ, ശ്രീലങ്ക, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, പ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വന്ദേഭാരത് വിമാന സർവീസ് നടത്തുക.
എന്നാൽ വന്ദേഭാരത് മിഷന്റെ നാലാം ഘട്ട വിമാന സർവീസുകളിൽ നിന്ന് ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളെ ഒഴിവാക്കി. നാട്ടിലേക്കു പോകാനായി ഖത്തർ, കുവൈത്ത് രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആയിരകണക്കിന് സാധാരണക്കാർക്ക് സർക്കാരിന്റെ തീരുമാനം തിരിച്ചടിയായി. ജോലി നഷ്ടപ്പെട്ടും വീസാ കാലാവധി കഴിഞ്ഞും അടിയന്തര ചികിത്സയ്ക്കും പ്രസവത്തിനുമായി നാട്ടിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുന്ന ഒട്ടേറെ പേരുണ്ട് ഈ രാജ്യങ്ങളിൽ. അതിനാൽ വന്ദേഭാരത് മിഷൻ വിമാന സർവീസ് ഈ രാജ്യങ്ങളിൽ പുനസ്ഥാപിക്കണമെന്നാണ് സാധാരണ പ്രവാസികളുടെ ആവശ്യം.
കേരളത്തിലേക്കുള്ള വിമാനങ്ങൾ
തിരുവനന്തപുരം
ജൂലൈ 04: റിയാദ്- തിരുവനന്തപുരം
ജൂലൈ 08: ജിദ്ദ- തിരുവനന്തപുരം
ജൂലൈ 09: ദമാം- തിരുവനന്തപുരം
കൊച്ചി
ജൂലൈ 03: നെയ്റോബി- മുംബൈ- കൊച്ചി
ജൂലൈ 04: മോസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 05: ഷികാഗോ- ഡൽഹി- കൊച്ചി
ജൂലൈ 06: ദമാം- കൊച്ചി
ജൂലൈ 08: ന്യൂയോർക്ക്- ഡൽഹി- കൊച്ചി
ജൂലൈ 09: ബിഷ്കക്- ഡൽഹി- കൊച്ചി
ജൂലൈ 09: സാൻ ഫ്രാൻസിസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 09: വാൻകൂവർ- ഡൽഹി- കൊച്ചി
ജൂലൈ 10: റിയാദ്- കൊച്ചി
ജൂലൈ 10: ലണ്ടൻ- മുംബൈ- കൊച്ചി
ജൂലൈ 12: കിയേവ്- ഡൽഹി- കൊച്ചി
കോഴിക്കോട്
ജൂലൈ 03: റിയാദ്- കോഴിക്കോട്
ജൂലൈ 04: ദമാം- കോഴിക്കോട്
ജൂലൈ 06: ജിദ്ദ- കോഴിക്കോട്
കണ്ണൂർ
ജൂലൈ 03: ദമാം- കണ്ണൂർ
ജൂലൈ 05: ജിദ്ദ- കണ്ണൂർ
ജൂലൈ 07: റിയാദ്- കണ്ണൂർ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല