സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൌദിയിൽ നിന്ന് കേരളത്തിലേക്ക് വൻ ഇളവുമായി എയർ ഇന്ത്യ. കേരളത്തിലെ മുഴുവൻ സെക്ടറുകളിലേക്കും മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതൽ മൂന്നാം ഘട്ടം ആയപ്പോഴേക്കും 1700 നു മുകളിൽ നിരക്ക് എത്തിയിരുന്നു.
റജിസ്റ്റർ ചെയ്തവരിൽ നിന്ന് എംബസി മുൻഗണനാ പട്ടിക തയാറാക്കി കഴിഞ്ഞു. എയർ ഇന്ത്യ ഓഫിസുകളിൽ നേരിട്ട് പോയി ടിക്കറ്റെടുക്കണം. തിരക്ക് ഒഴിവാക്കുന്നതിന് ഒരേ കരിയറിലെ നിശ്ചിത യാത്രക്കാരെ മാത്രം വിളിച്ചു വരുത്തുന്ന രീതിയാണ് സ്വീകരിക്കുന്നത്.
ചാർട്ടേഡ് വിമാനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ എളുപ്പമാകുകയും എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ നിലനിൽക്കുന്ന മൽസരം ഒഴിവാക്കാനാണ് എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഇളവ്. ഇതുവരെ സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന എല്ലാം സർവീസുകളേക്കാളും ഏറ്റവുംകുറഞ്ഞ നിരക്കാണിത്.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ പ്രാരംഭത്തിൽ പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അതു പിന്നീട് കുറച്ചുവെങ്കിലും ഇത്രയും ഇളവ് ആദ്യമാണെന്ന് പ്രവാസികൾ ആശ്വാസത്തോടെ പറയുന്നു. എങ്കിലും വന്ദേഭാരത് വിമാനങ്ങളുടെ എണ്ണത്തിൽ ആനുപാതികമായ കുറവ് ഇപ്പോഴും നിലനിൽക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല