സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ ത്രിശങ്കുവിലായി മലയാളികൾ. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരാൻ കഴിയില്ല എന്നാണ് കേരളം വാദിക്കുന്നത്.
വന്ദേഭാരത് വിമാനങ്ങളിൽ വരുന്നവരെയും ടെസ്റ്റിന് വിധേയരാക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതോടെ ചാർട്ടേർഡ് വിമാനം കാത്തിരുന്നവർ വെട്ടിലായി. ബ്രിട്ടൻ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരിശോധനയ്ക്കു വിധേയരാക്കാൻ പ്രാദേശിക നിബന്ധനകൾ അനുവദിക്കുന്നില്ല. പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ അതിനുള്ള ചെലവും കാലതാമസവും ഏറെയാണ്. ഈ സാഹചര്യം പരിഗണിക്കാതെയാണ് പുതിയ നിയമവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്.
കൊവിഡ് പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് എംബസികൾ വഴി കേന്ദ്ര സർക്കാർ ക്രമീകരണം ഏർപ്പെടുത്തണം എന്നാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രയാസമുള്ളവർക്ക് സൗജന്യ ടെസ്റ്റിങ് നടത്താനുള്ള സൗകര്യമുണ്ടാകണം. രോഗമുള്ളവരെയും സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ഉള്ളവർ ഒരുമിച്ച് വരണം. അങ്ങനെ വന്നാൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ തയാറാണ്. അവർക്ക് ചികിത്സ നൽകും. രോഗമുള്ളവർ മറ്റുള്ള രാജ്യങ്ങളിൽ കഴിയട്ടെ എന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബ്രിട്ടനിലെ ടിൽബറി പോർട്ടിൽ മാത്രം നാട്ടിലേക്കു മടങ്ങാൻ ചാർട്ടേർഡ് വിമാനം കാത്തിരിക്കുന്നത് 120 മലയാളികളാണ്. കപ്പൽ ജീവനക്കാരായ ഇവർക്ക് യാത്രാസൗകര്യം ഒരുക്കാൻ തൊഴിൽ ഉടമകൾ തയാറാണെങ്കിലും കൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമായാൽ ഇവരുടെ മടക്കയാത്ര വൈകും. ഏപ്രിൽ 14 മുതൽ നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്നവരാണ് ഈ കപ്പൽ ജീവനക്കാർ.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ- യുകെ എന്ന സംഘടനയും നാട്ടിലേക്ക് ചാർട്ടേർഡ് വിമാനം പറത്താനുള്ള ശ്രമത്തിലായിരുന്നു. അഞ്ഞൂറിലേറെ പേരാണ് ഇവരുടെ വിമാനം പ്രതീക്ഷിച്ചിരിക്കുന്നത്. കേരള സർക്കാരിന്റെ കൂടി അനുമതി വേണ്ട ഈ വിഷയത്തിൽ കൊവിഡ് പരിശോധന നിർബന്ധമായതോടെ ഈ നീക്കവും അനിശ്ചിതത്വത്തിലായി.
ബ്രിട്ടനിലാകട്ടെ കൊവിഡ് ആഘാതമേൽക്കാത്ത് മേഖലകളിൽ വിരളം. ജോലിയില്ലാത്തവരുടെ ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരുടെ എണ്ണം മൂന്ന് ദശലക്ഷമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.കമ്പനി ശമ്പളപ്പട്ടികയിൽ ആകെ ആറു ലക്ഷത്തിലധികം ഇടിവുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
പുതിയ കണക്കുകൾ രണ്ട് മീറ്റർ സാമൂഹിക അകലം നീക്കുന്നത് ഉൾപ്പെടെ ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനുള്ള സമ്മർദ്ദം കൂട്ടുന്നുണ്ട്. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുന്നതിനും ദീർഘ കാലത്തേക്ക് തൊഴിൽ നഷ്ടം കുറയ്ക്കുന്നതിനും ഇത് പ്രധാനമാണ്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള തൊഴിലില്ലായ്മാ നിരക്ക് 3.9 ശതമാനമായി ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല