1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2020

സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്കു വരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കാര്യത്തിൽ കേന്ദ്രനിര്‍ദേശം കൂടി പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രവാസികള്‍ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നു പറഞ്ഞത് സുരക്ഷ കണക്കിലെടുത്താണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം ചര്‍ച്ച ചെയ്യും. ചാര്‍ട്ടേഡ് വിമാനയാത്രക്കാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം അതിനുശേഷമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തു ഇതുവരെ സമൂഹവ്യാപനമില്ല. മേയിൽ സമ്പർക്കം വഴിയുള്ള രോഗബാധ കുറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ ഭയക്കേണ്ടതില്ല. കൊവിഡ് ബാധയുള്ളവർ വിമാനത്തിൽ വരുന്നത് രോഗസാധ്യത കൂട്ടും. ഇതുകൊണ്ടാണ് നാട്ടിലേക്കു വരുന്നവരിൽ കൊവിഡ് പരിശോധന കർശനമാക്കിയത്. ആരോടും നാട്ടിലേക്കു വരരുത് എന്നു പറയുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആത്മഹത്യകൾ നിർഭാഗ്യകരമാണ്. പിപിഇ കിറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് പ്രവാസി മലയാളികൾ. കൊവിഡ് പരിശോധനയ്ക്കുള്ള ചെലവും ഫലം വരാനുള്ള കാലതാമസവുമാണിതിനു കാരണമെന്നാണ് പ്രവാസികളുടെ പ്രതികരണം. ഇതോടെ വിവിധ സംഘടനകളുടെ നൂറിലേറെ ചാർട്ടേഡ് വിമാന സർവീസുകളാണ് ആശങ്കയിലായിരിക്കുന്നത്.

കൊവിഡ് വ്യാപനം കാരണം നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്ന ഗൾഫിലെ മലയാളികൾക്ക് തിരിച്ചടിയാണ് സർക്കാർ തീരുമാനം. നിലവിൽ യുഎഇയിൽ റാപ്പിഡ് ടെസ്റ്റും മറ്റ് 5 ഗൾഫ് രാജ്യങ്ങളിൽ തെർമൽ പരിശോധനയുമാണു വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തുന്നവർക്കു യാത്രാനുമതി നിഷേധിക്കുകയാണ് പതിവ്. കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ ആവശ്യം പ്രായോഗികമല്ലെന്നാണ് പ്രവാസികൾ പറയുന്നത്.

ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരടക്കമാണ് മടങ്ങി വരുന്നത്. ടിക്കറ്റിനുള്ള പണത്തിനൊപ്പം കൊവിഡ് പരിശോധനയ്ക്ക് പണം കണ്ടെത്തുകയെന്നത് പലർക്കും ബാധ്യതയാകും. രണ്ടു മുതൽ എട്ടു ദിവസം വരെയാണ് പരിശോധനാഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നത്. കൊവിഡ് ലക്ഷണങ്ങളില്ലെങ്കിൽ പരിശോധനയ്ക്കും കാത്തിരിക്കേണ്ടിവരും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.

അതിനിടെ വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം.

സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സാഹചര്യങ്ങൾ ഉറപ്പു വരുത്തണം. കൊവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കൊവിഡ് പോസ്റ്റിവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.